എനിക്കു ജീവിതത്തില്‍ പത്മശ്രീ കിട്ടിയ ദിവസമാണ് ഇന്നലെ ( ജൂലായ് 26 ). അങ്ങ് ദൂരെയുള്ള, വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍നിന്നാണ് ഈ ബഹുമതി തേടിയെത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന ചിറാപ്പുഞ്ചിയുള്ള നാട്ടില്‍നിന്ന് സസ്‌നേഹമെത്തിയ അംഗീകാരം.
കഴിഞ്ഞ രണ്ടു മാസമായി രണ്ട് അപരിചിതര്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ ഒന്നു കാണണം അവര്‍ക്ക്. കാണാന്‍ വരുന്നവര്‍ എന്തുദ്ദേശിച്ചാണു വരുന്നത് എന്നു പറയാനാവില്ല. നാട് മുഴുവന്‍ ഇപ്പോള്‍ ഭൂമിയുടെയും മറ്റും കച്ചവടമാണ്. ലാഡറിന്റെ ചെയര്‍മാനായതുകൊണ്ട് മിക്കവരും സ്ഥലക്കച്ചവടത്തിനാണ് എന്നെ വിളിക്കുന്നത്. പിന്നെയുള്ളവര്‍ സഹകരണമേഖലയിലുള്ളവരാണ്. എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കായും ആളുകള്‍ വിളിക്കാറുണ്ട്. ചികിത്സാവശ്യത്തിനു വലിയവരും ചെറിയവരും വിളിക്കാറുണ്ട്. തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്ന രണ്ട് അപരിചിതരോട് ഞാന്‍ കാര്യമന്വേഷിച്ചു. സഹകരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കാണ് എന്നവര്‍ പറഞ്ഞു. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ആരെങ്കിലുമായിരിക്കും എന്നാണ് ഞാനാദ്യം കരുതിയത്. ഒരാഴ്ച മുന്‍പ് അവര്‍ എന്നെ കാണാന്‍ വന്നു. സഹകരണവുമായി ബന്ധപ്പെട്ട് മേഘാലയ സര്‍ക്കാരിനു താങ്കളെ ബന്ധപ്പെടാനാഗ്രഹമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ജേഷ്ഠനായ ജെയിംസ് പി.കെ. സാങ്മയെ എന്നെക്കാണാന്‍ കേരളത്തിലേക്ക് അയക്കുകയാണെന്നു അവര്‍ പറഞ്ഞു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.കെ. സാങ്മയുടെ മകനാണ് ഇപ്പോഴത്തെ മേഘാലയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ജെയിംസ് പി.കെ. സാങ്മ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പ്മന്ത്രിയായിരുന്നു. ഇപ്പോള്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. അടുത്ത വെള്ളിയാഴ്ച അദ്ദേഹം വന്നോട്ടെ എന്നു ഞാന്‍ പറഞ്ഞു. എന്നെ കണ്ടിട്ട് കാര്യമില്ല, പകരം ഞങ്ങളുടെ സ്ഥാപനങ്ങളാണു കാണേണ്ടത് എന്നും പറഞ്ഞു. എം.വി.ആര്‍. കാന്‍സര്‍ സെന്ററും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും സമയമുണ്ടെങ്കില്‍ ഊരാളുങ്കല്‍ സൊസൈറ്റിയും അതിന്റെ ഐ.ടി. പാര്‍ക്കും കാണേണ്ടതാണ്. ഈ സ്ഥാപനങ്ങളൊക്കെ സഹകരണമേഖലയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. പക്ഷേ, സാങ്മക്ക് ഒരു ദിവസമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ വന്നു രാത്രി മടങ്ങിപ്പോകണം. അതിനിടയില്‍ത്തന്നെ മണിപ്പൂര്‍വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒരു യോഗത്തിലും സാങ്മക്കു പങ്കെടുക്കണം. ഏതാനും ക്രിസ്ത്യന്‍ പുരോഹിതരാണു യോഗം വിളിച്ചത്. സാങ്മ കോഴിക്കോട്ടു വരുന്നു എന്നറിഞ്ഞാണ് അവര്‍ യോഗം വിളിച്ചത്. 26 നു രാവിലെ 11 മണിക്ക് എം.വി.ആര്‍. സന്ദര്‍ശനവും വൈകിട്ട് അഞ്ചുമണിക്ക് കോഴിക്കോട് സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ സ്വീകരണവും. ഇതായിരുന്നു ഞങ്ങളുടെ പരിപാടി.
മേഘാലയയിലെ ഏറ്റവും വലിയ രാഷ്ട്രീയകുടുംബത്തിലെ അംഗങ്ങളാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും ജെയിംസ് പി.കെ. സാങ്മയും. എന്‍.ഡി.എ.യുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രാദേശികപാര്‍ട്ടിയാണ് ( നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ) ഇവരുടേത്. ബി.ജെ.പി. എം.എല്‍.എ.മാരാണ് അവര്‍ക്ക് പിന്തുണ നല്‍കുന്നത്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിയുടെ രണ്ടു സീറ്റും കോണ്‍ഗ്രസ് പിടിച്ചെടുക്കുകയുണ്ടായി. അതാണ് മേഘാലയിലെ രാഷ്ട്രീയ കാലാവസ്ഥ.
എന്തിനാണ് എന്നെക്കാണാന്‍ വന്നത് – ഞാന്‍ സാങ്മയോട് ചോദിച്ചു. സഹകരണത്തെപ്പറ്റി പഠിക്കാനാണെങ്കില്‍ സര്‍ക്കാറുകള്‍ തമ്മില്‍ ബന്ധപ്പെടുകയല്ലേ വേണ്ടത്. മേഘാലയസര്‍ക്കാര്‍ സഹകരണത്തെപ്പറ്റി ഗൗരവമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. അവിടെ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുണ്ട്. അതിനു താഴെ മറ്റൊന്നുമില്ല. അതുമായി ബന്ധപ്പെട്ടു താങ്കളുടെ ഉപദേശങ്ങള്‍ ആരായാന്‍ വേണ്ടിയാണു വന്നത്. അവിടെ ഗ്രാമപ്പഞ്ചായത്തുകളില്ല. ഗ്രാമങ്ങളെയുള്ളു. ആ ഗ്രാമങ്ങളിലൊക്കെ ഓരോ ഗ്രാമവും പ്രവര്‍ത്തനപരിധിയായി ഓരോ സര്‍വീസ് സഹകരണ സംഘം തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത് എന്നു ഞാന്‍ പറഞ്ഞു. അതുപോലെതന്നെ 13 ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകള്‍ കൊണ്ടുവരണം. ജില്ലാ ബാങ്കുകള്‍ക്ക് വേണമെങ്കില്‍ ആര്‍.ബി.ഐ. ലൈസന്‍സ് എടുക്കാവുന്നതാണ്. അതല്ലെങ്കില്‍ രജിസ്ട്രാറുടെ നിയന്ത്രണത്തിലുമാവാം. അവിടെ സഹകരണമേഖലയില്‍ തങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്നു അദ്ദേഹം എടുത്തുപറഞ്ഞു. ഒരു മണിക്കൂര്‍ ഞങ്ങള്‍ ചര്‍ച്ച നടത്തി. അതൊക്കെ സര്‍ക്കാരിനു സാങ്മ റിപ്പോര്‍ട്ടായി നല്‍കും. വൈകീട്ട് കാലിക്കറ്റ് സിറ്റി സഹകരണബാങ്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ അദ്ദേഹം എന്നെ മേഘാലയയിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ സംഘടനയായ കേരള സഹകരണ ഫെഡറേഷന്റെ ഒരു യോഗം അവിടത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണെങ്കില്‍ നവംബര്‍ ആദ്യ ആഴ്ച യോഗം മേഘാലയയില്‍ നടത്താമെന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒറ്റയ്ക്കല്ല, ഒരു ടീമിനോടൊപ്പം വരാം എന്നു ഞാന്‍ വാക്കു കൊടുത്തു.
എന്നെപ്പോലുള്ള ഒരു സാധാരണ സഹകാരിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണിത്. എം.വി. രാഘവനാണു സഹകരണരംഗത്തെ എന്റെ കഴിവിനെ ആദ്യം അംഗീകരിച്ച് എന്നെ വളര്‍ത്തിക്കൊണ്ടു വന്നത്. ഫറോക്ക് അര്‍ബന്‍ ബാങ്കും കരുവന്തുരുത്തി ബാങ്കും ഞാനുണ്ടാക്കിയതാണ്. എന്നാലിപ്പോള്‍ ആരും അതു പറയില്ല. അതെല്ലാം തുടങ്ങിവെച്ചത് വേറെയാളുകളാണ് എന്നാണ് ഇപ്പോള്‍ ചിലരൊക്കെ പറയുന്നത്. ഞാന്‍ പണ്ട് ജോലി കൊടുത്തവരൊന്നും ഇപ്പോള്‍ അവിടെയില്ല. ഞങ്ങളുടെ കയ്യില്‍ നിന്നു ക്രൂരമായി പിടിച്ചെടുത്താണ് ആ ബാങ്ക് അവസാനം സി.പി.എമ്മിന്റെ കയ്യില്‍ കൊടുത്തത്. ആ സ്ഥാപനങ്ങളൊന്നും സി.പി.എമ്മല്ല ഞങ്ങളില്‍നിന്നു പിടിച്ചെടുത്തത്. അവിടെയുള്ള കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരുമാണ്. അതു പിടിച്ചവരും അതു കൊണ്ടുനടന്നവരും ഇപ്പോള്‍ വ്യക്തിപരമായി വളരെ തളര്‍ന്നിരിക്കുകയാണ്. അങ്ങനെ സംഭവിക്കുമെന്ന് ആദ്യമേ അറിയാമായിരുന്നു.
ഒരു ദിവസം 38 വൃക്കരോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്ന സ്ഥാപനമുണ്ടാക്കി എന്നതാണ് എന്റെ വിജയം. 2005 ല്‍ തുടങ്ങിയ ആ സ്ഥാപനം ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുമാത്രമാണ് എന്റെ വിജയം. ഞാനുണ്ടാക്കിയ മറ്റു സ്ഥാപങ്ങളെയെല്ലാം ചെറുതായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി ഞാനംഗീകരിക്കുന്നത് ഡയാലിസിസ് സെന്ററിനെയാണ്. മറ്റുള്ളതിനൊക്കെ ഞാന്‍ നേതൃത്വം കൊടുത്തു എന്നേയുുള്ളൂ. എന്റെ സിറ്റി സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയും അവിടത്തെ ആത്മാര്‍ത്ഥതയുള്ള ജീവനക്കാരുമാണ് ഈ വിജയങ്ങള്‍ക്കൊക്കെ കാരണം. മേഘാലയ സര്‍ക്കാരിന്റെ പ്രതിനിധി വന്നത് അവരുടെ വിജയമാണ്. എന്റേതാണെന്നു ഞാനൊരിക്കലും വിചാരിക്കില്ല. ഇതൊരു ദേശീയ അവാര്‍ഡായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. എന്നെപ്പോലെ ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരാനാരുമില്ല. പത്മശ്രീയോ പത്മഭൂഷന്‍ തുടങ്ങിയ മറ്റ് അവാര്‍ഡുകളോ ഞാന്‍ സ്വീകരിക്കില്ല. ഞാന്‍ ചെയ്യുന്ന കര്‍മ്മം എന്നെ സന്തോഷിപ്പിക്കാനാണ്. അതല്ലാതെ മറ്റുള്ളവരുടെ മുമ്പില്‍ വലിയ ആളാകാനല്ല. സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കി ഒരംഗീകാരവും വാങ്ങാന്‍ അവസാനശ്വാസം വരെ ഞാനാഗ്രഹിക്കുന്നില്ല. സംസ്ഥാനസര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ അംഗീകാരം. നല്‍കുകയാണെങ്കില്‍ അതു സ്വീകരിക്കും. സിറ്റി സര്‍വീസ് സഹകരണ ബാങ്കിനെ ദേശീയതലത്തില്‍ പ്രധാനമന്ത്രി അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍ അതു വാങ്ങാനായി എന്റെ ജീവനക്കാരെയാണ് ഞാനയച്ചത്. അത് അഹങ്കാരമാണെന്നു പറഞ്ഞവര്‍ എന്റെ പാര്‍ട്ടിയിലുമുണ്ടായിരുന്നു. അംഗീകാരങ്ങള്‍ക്കൊക്കെ ഞാനൊരു നിമിത്തം മാത്രമായിരുന്നു. എന്റെ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ അധ്വാനത്തിന്റെ ഫലമാണ് ആ അവാര്‍ഡ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അത് എന്റെ ജീവനക്കാര്‍ ഏറ്റുവാങ്ങിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഞാനായിരുന്നു.
ഇന്നലെ ജെയിംസ് പി.കെ. സാങ്മ എന്നെ കാണാന്‍ വന്നതും മാതാ അമൃതാനന്ദമയി എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതും അവിടെ പോയി കണ്ടതുമൊക്കെ ഒരു വലിയ അംഗീകാരമായാണ് ഞാന്‍ കാണുന്നത്. എന്നോട് സ്‌നേഹം കാട്ടുന്ന മഹാവ്യക്തികളുണ്ട്. കാന്തപുരവും പാണക്കാട് ശിഹാബ് തങ്ങളും തങ്ങള്‍ കുടുംബവുമൊക്കെ ഇവരില്‍പ്പെടും. മതത്തിനതീതമായി സേവനം ചെയ്യുന്നവരുടെയൊക്കെ അംഗീകാരം കിട്ടുന്നത് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് കിട്ടുന്ന അംഗീകാരമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. എനിക്ക് ആകെയുള്ള കടപ്പാട് കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്കിലെ ജീവനക്കാരോട് മാത്രമാണ്. അവരുടെ യോഗത്തില്‍ പോയിരിക്കുക, അവരെ കാണുക, അവരോട് സംസാരിക്കുക. അതൊക്കെയാണ് എന്റെ സന്തോഷം. അവരുടെ മുന്നില്‍ എനിക്ക് ഒരു രഹസ്യവുമില്ല. ഒരാഴ്ചയിലോ ഒരു മാസത്തിലോ നടന്ന എല്ലാ കാര്യങ്ങളും, ഞാന്‍ യാത്രയില്‍ കാണുന്ന കാഴ്ചകള്‍, മാസത്തില്‍ നടക്കുന്ന യോഗത്തില്‍ അവരുമായി പങ്കുവയ്ക്കും. അവര്‍ക്ക് പറയാനുള്ളതൊക്കെ ഞാന്‍ കേള്‍ക്കുകയും ചെയ്യും. ഇനി എത്ര കാലം എന്നെനിക്കറിയില്ല. എന്നെ തേടിയെത്തിയ മേഘാലയസര്‍ക്കാറിനോടും ജെയിംസ് സാങ്മയോടും മുഖ്യമന്ത്രിയോടും അവിടെയുള്ള മുഴുവന്‍ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നു.
C. N. വിജയകൃഷ്ണൻ