രാഹുല്‍ ഗാന്ധിക്ക് പുതിയ വസതി; ഡല്‍ഹിയില്‍ ബംഗ്ലാവ് അനുവദിച്ച്‌ ഹൗസിങ് കമ്മിറ്റി

രാഹുല്‍ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനം ചെയ്ത് ഹൗസിങ് കമ്മിറ്റി. ഡല്‍ഹി സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്ബര്‍ ബംഗ്ലാവാണ് രാഹുലിന് അനുവദിച്ചത്.

രാഹുല്‍ ഇത് ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ടൈപ് എട്ട് ബംഗ്ലാവിന് അര്‍ഹനാണ് രാഹുല്‍ഗാന്ധി. ക്യാബിനറ്റ് മന്ത്രിമാര്‍, സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്രമന്ത്രിമാര്‍, സര്‍ക്കാരിലെ പ്രധാന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ടൈപ് എട്ട് ബംഗ്ലാവ് അനുവദിക്കുന്നത്.

22 അക്ബര്‍ റോഡ്, ഏഴ് സഫ്ദര്‍ജംഗ് റോഡ് വസതികളായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടതെന്ന് സൂചനയുണ്ട്. എന്നാല്‍, അനുരാഗ് ഠാക്കൂറും രാംമോഹന്‍ നായിഡുവുമാണ് ഈ വസതികളിലുള്ളത്. ഇതോടെയാണ് സുനേരി ബാഗ് റോഡിലെ വസതി രാഹുലിന് വാഗ്ദാനംചെയ്തത്. കഴിഞ്ഞ ദിവസം രാഹുലിന്റെ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രാഹുലിന്റെ അയല്‍ക്കാരിലൊരാളായിരിക്കും. 19 വര്‍ഷത്തോളം താമസിച്ചിരുന്ന തുഗ്ലക് ലെയ്‌നിലെ 12-ാം നമ്ബര്‍ വീട്, അപകീര്‍ത്തി പരാമര്‍ശത്തില്‍ ശിക്ഷ വിധിക്കപ്പെട്ടതോടെ രാഹുല്‍ ഒഴിഞ്ഞിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കിയപ്പോള്‍ അദ്ദേഹത്തിന് അനുവദിച്ച വസതി ഏറ്റെടുക്കാതെ 10 ജന്‍പഥില്‍ അമ്മ സോണിയാഗാന്ധിക്കൊപ്പമാണ് താമസിച്ചുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *