സെന്റ് ആഞ്ചലോസ് കോട്ടയിലെത്തുന്ന യുവതീ യുവാക്കളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.
കോട്ടയിലെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന കണ്ണൂർ സിറ്റി സ്റ്റേഷനിലെ സീനിയർ സി.പി.ഒയും പൊലീസ് അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറിയുമായ മുഴപ്പിലങ്ങാട് സ്വദേശി പ്രവീഷിനെയാണ് അന്വേഷണവിധേയമായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. അജിത്ത് കുമാർ സസ്പെൻഡ് ചെയ്തത്.
കൊല്ലം സ്വദേശിയായ യുവാവും പെണ്‍സുഹൃത്തും നല്കിയ പരാതിയെ തുടർന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ടാഴ്ച മുമ്ബ് കണ്ണൂർ കോട്ടയിലെത്തിയ ഇവരുടെ ദൃശ്യങ്ങള്‍ പകർത്തി വീട്ടില്‍ വിവരമറിയിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി കാല്‍ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തിരികെ കൊല്ലത്ത് എത്തിയശേഷം ഓണ്‍ലൈനായാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥനെ ജില്ല ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.