ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷവും ഉത്തര്‍പ്രദേശില്‍ വിദ്വേഷ പ്രചാരണം തുടര്‍ന്ന് ബിജെപിയും സംസ്ഥാന സര്‍ക്കാരും.
ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കന്‍വര്‍യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന പൊലീസ് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മുസഫര്‍ നഗര്‍ പൊലീസിന്റെ ഉത്തരവിനെതിരെ ദേശീയതലത്തില്‍ വ്യാപക വിമര്ശമുയരവെയാണ് നിലപാട് കടുപ്പിച്ച് ആദിത്യനാഥ് രംഗത്തെത്തിയത്. ഉത്തരവിനെതിരെ രംഗത്തുവന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി ആര്‍എസ്എസിനെ പേടിച്ച് മലക്കംമറിഞ്ഞു. ഉത്തരവ് തൊട്ടുകൂടായ്മ പടര്‍ത്തുമെന്നാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ നഖ്വി വ്യാഴാഴ്ച ആദ്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. എന്നാല്‍, ആര്‍എസ്എസ് ഇടഞ്ഞതോടെ ഉടനടി നിലപാട് മാറ്റി.
യുപിക്ക് പുറമേ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവ് പോലീസ് നടപ്പാക്കുകയാണ്. കന്‍വാര്‍ യാത്ര കടന്നുപോകുന്ന സ്ഥലത്തെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പേരും ഫോണ്‍ നമ്ബറും ക്യൂആര്‍ കോഡും സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.
ഇതാദ്യമായാണ് ഇത്തരമൊരു ഉത്തരവെന്ന് ഖലാപ്പര് മാര്‍ക്കറ്റിലെ വഴിയോര കട നടത്തുന്ന മുഹമ്മദ് ഹസന് പറയുന്നു. ഹിന്ദുവും മുസ്ലീങ്ങളും പരസ്പരം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. ഈ സര്‍ക്കാര്‍ ഉത്തരവിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, അത് സഹോദരനെ സഹോദരനില്‍ നിന്ന് വേര്പെടുത്തുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവിനെതുടര്‍ന്ന് ഖലാപര്‍ മാര്‍ക്കറ്റിലെ ഡസന്‍ കണക്കിന് കടയുടമകള്‍ കടകളില്‍ നെയിം പ്ലേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഴക്കച്ചവടക്കാര്‍ വരെ തങ്ങളുടെ വണ്ടികളിലും സ്റ്റാളുകളിലും പേരെഴുതിവെച്ചു.