പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പരാതിക്കാരിയെ കാണാനില്ലെന്ന കേസ് അവസാനിപ്പിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഡല്‍ഹിയിലായിരുന്ന യുവതി ഇന്നലെ രാത്രിയോടെ നാട്ടിലെത്തിയിരുന്നു. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്. തുടർന്ന് പൊലീസ് യുവതിയെ തിരികെ വിമാനത്താവളത്തില്‍ കൊണ്ടുവിടുകയും ചെയ്‌തു.
ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെ ടവർ ലൊക്കേഷനാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.തുടർന്ന് യുവതിയോട് സംസാരിച്ച പൊലീസ്, കൊച്ചിയിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.
തന്റെ ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവ് രാഹുലിനെതിരെ ഗാർഹിക പീഡന പരാതി നല്‍കിയതെന്ന് ആരോപിച്ചുകൊണ്ട് യുവതി നേരത്തെ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞത് കളവാണെന്നും ആരോപണം ഉന്നയിച്ചതില്‍ കുറ്റബോധമുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
ബന്ധുക്കളുടെ സമ്മർദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും ഇക്കാര്യം അമ്മയെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. രാഹുലിന്റെ കൂടെ പോകാനാണ് താത്പര്യമെന്നും യുവതി വ്യക്തമാക്കിയിരുന്നു.
യുവതിയുടെ ആരോപണങ്ങളെല്ലാം കുടുംബം നിഷേധിച്ചിരുന്നു. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാവാം പുറത്തുവന്ന വീഡിയോയെന്നായിരുന്നു പിതാവിന്റെ പ്രതികരണം. കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്തെ ഐ ടി കമ്ബനിയില്‍ ജോലിക്കുപോയ യുവതി കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല.തുടർന്നാണ് കുടുംബം പരാതി നല്‍കിയത്.