വികസനവും പാരിസ്ഥിതിക സുസ്ഥിരതയും സന്തുലിതമാകണം: മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന പ്രവർത്തനങ്ങളാകണം പുതിയ കാലത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവുമടക്കമുള്ള ദുരന്തങ്ങള്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്നു. ഈ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെതുടർന്നുണ്ടാകുന്ന പ്രതിഭാസങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, പദ്ധതികള്‍, നയങ്ങള്‍ എന്നിവയെക്കുറിച്ച്‌ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതിനായി കാലാവസ്ഥ വ്യതിയാന കർമപദ്ധതി രൂപരേഖ നവീകരിച്ചു.

കൃഷി, മൃഗസംരക്ഷണം, ജലം, മത്സ്യബന്ധനം, ടൂറിസം തുടങ്ങിയ മേഖലകള്‍ക്കാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രാമുഖ്യം നല്‍കുന്നത്. പാരിസ്ഥിതിക സുസ്ഥിര വികസന പ്രവർത്തനങ്ങള്‍ക്കാണ് നാം മുൻഗണന നല്‍കേണ്ടത്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന പാരിസ്ഥിതിക ആശങ്കകള്‍ ജനപങ്കാളിത്തത്തോടെ പരിഹരിക്കണം. ഹരിത ഗൃഹവാതക ബഹിർഗമനം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നമാണ്. ഗതാഗതം, വ്യവസായം, അശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്നിവ പ്രശ്‌നത്തെ രൂക്ഷമാക്കുന്നു.

എന്നാല്‍ 2050 ഓടെ കാർബണ്‍ ന്യൂട്രല്‍ കേരളം എന്ന നേട്ടത്തിലേക്കെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കാർബണ്‍ സംഭരണികളുടെ എണ്ണം വർധിപ്പിച്ചും സംസ്ഥാനത്തെ കാർബണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ വെബ് പോർട്ടല്‍ ആരംഭിച്ചും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ശാസ്ത്രീയ മാലിന്യ നിർമാർജനത്തിനും സംസ്‌കരണത്തിനും മാലിന്യമുക്ത നവകേരളം എന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്‌ ഇലക്‌ട്രിക് വാഹനങ്ങള്‍ പരമാവധി ഉപയോഗിക്കണം. പുനരുപയോഗ ഊർജ സ്രോതസ്സുകള്‍ പരമാവധി വ്യാപകമാക്കി കാർബണ്‍ ബഹിർഗമനം കുറക്കണം. ഊർജ ഉപഭോഗം കാര്യക്ഷമമാക്കിക്കൊണ്ട് ഊർജ പ്രതിസന്ധിയുടെ സാധ്യത ഇല്ലാതാക്കണം. ഉപയോഗ ശൂന്യമായ നീർത്തടങ്ങള്‍ സംരക്ഷിച്ചും മഴവെള്ള സംഭരണികള്‍ വ്യാപകമാക്കിയും ജലസംരക്ഷണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കണം. ബാംഗ്ലൂർ നഗരം നേരിട്ട വരള്‍ച്ചയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. മരങ്ങള്‍ നട്ടുപിടിപ്പിച്ചും നഗരങ്ങളില്‍ മിയാവാക്കി വനങ്ങളുള്‍പ്പെടെ ഒരുക്കിയും നമുക്ക് പ്രകൃതി സൗഹൃദമാകാം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഇവയുടെ പരിപാലനവും ഏകോപനവും നിർവഹിക്കണം. ഇ-മാലിന്യങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും പുനരുപയോഗ സാധ്യതകള്‍ ഉപയോഗിക്കുകയും വേണം. പരിസ്ഥിതി സൗഹൃദ നൂതനാശയങ്ങളെ തുറന്ന മനസോടെ സ്വീകരിക്കാൻ കഴിയുന്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ജിഎച്ച്‌ജി ഇൻവെന്ററി റിപ്പോർട്ടിന്റെ പ്രകാശനവും കേരള ജിഎച്ച്‌ജി വെബ് പോർട്ടലിന്റെ സമാരംഭവും പരിസ്ഥിതിമിത്രം അവാർഡ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.

പരിസ്ഥിതി വകുപ്പ് സെക്രട്ടറി രത്തൻ.യു.കേല്‍ക്കർ സ്വാഗതം ആശംസിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.വേണു മുഖ്യപ്രഭാഷണവും ഭൂമിത്രസേന അവാർഡ് വിതരണവും നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ കേരള നിയമസഭ സെക്രട്ടറി ഷാജി സി.ബേബി, കാലാവസ്ഥാ വ്യതിയാന വിദഗ്ധൻ അനന്യ ഘോഷാല്‍, വസുധ ഫൗണ്ടേഷൻ സിഇഒ ശ്രീനിവാസ് കൃഷ്ണസ്വാമി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *