പാര്‍ട്ടി കോട്ടകളില്‍ ബിജെപി കരുത്താര്‍ജിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന് വന്‍തോതില്‍ വോട്ടുചോര്‍ച്ചയുണ്ടെന്ന് വിലയിരുത്തല്‍.

കണ്ണൂരിലും കാസര്‍ഗോഡും ആലപ്പുഴയിലും പാലക്കാടും തൃശൂരും കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം സിപിഎമ്മിന്റെ കോട്ടകളില്‍ ബിജെപി വന്‍തോതില്‍ വോട്ടുകളുയര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നാടായ മോറാഴയിലും ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ മറ്റു വാര്‍ഡുകളിലും ബിജെപി വോട്ടുകളുയര്‍ത്തിയതായി കാണാം. യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ആന്തൂരില്‍ ഇത്തവണയും കഴിഞ്ഞില്ലെങ്കിലും ബിജെപി ആയിരത്തിലേറെ വോട്ടുകള്‍ ഇവിടെ ഉയര്‍ത്തിയത് സിപിഎമ്മിനെ സംബന്ധിച്ച്‌ തലവേദനയാണ്.

ജില്ലാ സെക്രട്ടറിമാര്‍ മത്സരിച്ച കാസര്‍ഗോഡും കണ്ണൂരിലും പതിനായിരക്കണക്കിന് വോട്ടുകളാണ് സിപിഎം കോട്ടകളില്‍ നിന്നും ബിജെപി നേടിയത്. 2019ല്‍ മലബാറില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇത്തവണ കണ്ണൂരില്‍ മാത്രം 50,000 ത്തില്‍ അധികം വോട്ടുകളാണ് ബിജെപി അധികമായി നേടിയത്. ഇത് എംവി ജയരാജന്റെ കനത്ത തോല്‍വിക്ക് കാരണമാവുകയും ചെയ്തു.

വിപ്ലവവീര്യമുള്ള മോറാഴയിലും കരിവെള്ളൂരിലും ചീമേനിയിലുമെല്ലാം ബിജെപി കടന്നുകയറ്റം തുടങ്ങിക്കഴിഞ്ഞു. സിപിഎം ഭരിക്കുന്ന കുറുമാത്തൂരില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. തളിപ്പറമ്ബ് മണ്ഡലത്തില്‍ വമ്ബന്‍ ഭൂരിപക്ഷം നേടാന്‍ കെ സുധാകരനെ തുണച്ചത് സിപിഎം കോട്ടകളിലെ വോട്ടൊഴുക്കാണ്. എങ്ങിനെ ഈ രീതിയില്‍ വോട്ടുകള്‍ മറിഞ്ഞെന്ന അമ്ബരപ്പിലാണ് സിപിഎം.

ആലപ്പുഴ, ആറ്റിങ്ങല്‍ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ ഞെട്ടിക്കുന്ന രീതിയിലാണ് ഇടതുവോട്ടുകള്‍ ബിജെപി സ്വന്തമാക്കിയതെന്നുകാണാം. ഉറച്ച മണ്ഡലമായ ആറ്റിങ്ങലില്‍ ബിജെപി 3 ലക്ഷത്തോളം വോട്ടുകള്‍ നേടിയത് സിപിഎമ്മിനെ കുറച്ചൊന്നുമല്ല നാണക്കേടിലാക്കുന്നത്. ഏതു രീതിയില്‍ പ്രവര്‍ത്തിച്ചാലും ഈ മണ്ഡലങ്ങളിലെ വോട്ടുകള്‍ പൂര്‍ണമായും തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *