ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ ബലാത്സംഗം ചെയ്തു ആരോപിച്ച് പഞ്ചായത്തംഗം.
തന്നെയും ഭര്‍ത്താവിനെയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മെയ് ഒന്നിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് (സിഐഡി) നല്‍കിയ പരാതിയില്‍ പറയുന്നത്.
ഐപിസി സെക്ഷന്‍ 376 പ്രകാരം പ്രജ്വലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്ന ആദ്യ സംഭവമാണ് യുവതിയുടെ പരാതി. തന്റെ വീട്ടിലെ മുന്‍ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 28 ന് ഹോളനരിസ്പുര ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അദ്ദേഹത്തിനും പിതാവ് എച്ച്‌ഡി രേവണ്ണയ്ക്കും എതിരെ ലൈംഗികാതിക്രമം, വേട്ടയാടല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
എംഎല്‍എമാരേയും എംപിമാരേയും കണ്ട് താന്‍ പലപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് വനിതാ പ്രവര്‍ത്തകയായ പരാതിക്കാരി പൊലീസിനോട് പറഞ്ഞു. 2021-ല്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സീറ്റ് ലഭിക്കുന്നതിനായി ഹാസനിലെ പ്രജ്വല്‍ രേവണ്ണയുടെ എംപി ക്വാര്‍ട്ടേഴ്‌സില്‍ പോയിരുന്നു. ആ സമയം താഴത്തെ നിലയിലെ ഹാളില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു.
അതിനാല്‍ പ്രജ്വലിനെ കാണാനായി ജീവനക്കാര്‍ തന്നെ ഒന്നാം നിലയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. മറ്റ് സന്ദര്‍ശകരോട് സംസാരിച്ചതിന് ശേഷം അയാള്‍ തന്നെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതില്‍ പൂട്ടി. താന്‍ വാതില്‍ പൂട്ടിയതിനെ എതിര്‍ത്തപ്പോള്‍ പ്രജ്വല്‍ ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് രാഷ്ട്രീയമായി വളരണമെങ്കില്‍ തന്നെ അനുസരിക്കാനും ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാനും അയാള്‍ ആവശ്യപ്പെട്ടതായും പരാതിക്കാരി പറയുന്നു.
”ഞാന്‍ വിസമ്മതിച്ചപ്പോള്‍, തന്റെ പക്കല്‍ തോക്കുണ്ടെന്നും എന്നെയും എന്റെ ഭര്‍ത്താവിനെയും വെറുതെവിടില്ലെന്നും പറഞ്ഞ് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. എന്നിട്ട് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. എന്നെ ഉപദ്രവിക്കുന്നതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞു് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആവശ്യമുള്ളപ്പോഴെല്ലാം അയാളുടെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്നെ നിര്‍ബന്ധിച്ചു, ”പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രജ്വല്‍ വസ്ത്രം വലിച്ചു കീറി പലപ്പോഴും ബലാത്സംഗം ചെയ്‌തെന്നും ഇതിന്റെയെല്ലാം വീഡിയോകള്‍ പകര്‍ത്തിയെന്നും പരാതിക്കാരി പറയുന്നു. ഐപിസി സെക്ഷന്‍ 376 (2) (എന്‍) (ഒരേ സ്ത്രീയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക), 354 എ (1) (ലൈംഗിക പീഡനം), 354 ബി (സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം ചെയ്യുകയോ ചെയ്യുക) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്‌ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.