ഉഷ്ണ തരംഗ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉഷ്ണ തരംഗ സാധ്യതയുള്ളതിനാല്‍ ചുവടെ പറയുന്ന നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യർഥിക്കുന്നു.
പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
നിർമാണത്തൊഴിലാളികള്‍, കർഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.
സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ 3 വരെ ഒഴിവാക്കണം.
പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.
ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.
മാർക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കുകയും വേണം.
ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടൻ തന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങള്‍ കർശനമായി പാലിക്കണം.
കലാ-കായിക മത്സരങ്ങള്‍/പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
ലയങ്ങള്‍, ആദിവാസി, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം.
പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണല്‍മരങ്ങള്‍ പിടിപ്പിച്ച് സംരക്ഷിക്കണം.