ക്വീര്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ക്വീര്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ആറംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.

കാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍പേഴ്‌സണ്‍. ആഭ്യന്തരം, വനിതാ ശിശുക്ഷേമം, ആരോഗ്യ o, നിയമം, സാമൂഹിക നീതി മന്ത്രാലയ സെക്രട്ടറിമാരും സമിതിയില്‍ അംഗങ്ങളാണ്. 2023 ഒക്ടോബര്‍ മാസത്തിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

LGBTQ+ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുകയെന്നതാണ് സമിതിയുടെ ലക്ഷ്യം. തുല്യനീതിയെന്ന കാഴ്ചപ്പാടോടെയായിരിക്കും സമിതി ക്വീര്‍ വിഭാഗത്തിന്റെ വിഷയങ്ങള്‍ പരിഗണിക്കുക. ക്വീര്‍ സമൂഹത്തിന് നേരെ അതിക്രമം ഇല്ലെന്ന് ഉറപ്പാക്കുക, അനധികൃത ചികിത്സക്കോ ശസ്ത്രക്രിയക്കോ ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുക, ക്വീര്‍ സമൂഹത്തിന് നേരെ വിവേചനം ഇല്ലാതാക്കുക, പൊതു സമൂഹത്തിന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കുകയും ഈ വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയുമാണ് സമിതിയുടെ ചുമതല.

സ്വവര്‍ഗ വിവാഹം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ സുപ്രീം കോടതി നിരാകരിച്ചിരുന്നു. സ്വവര്‍ഗ്ഗ വിവാഹം മൗലിക അവകാശമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ്ഗ പങ്കാളികളുടെ വിഷയങ്ങള്‍ തിരിച്ചറിഞ്ഞ് ക്വീര്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ ഒരു ഉന്നത സമിതിയെ നിയോഗിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ക്വീര്‍ വിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം മാത്രമേ കമ്മിറ്റി വിഷയങ്ങള്‍ അന്തിമ തീരുമാനം എടുക്കാവുവെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *