ബെംഗളൂരു-മൈസൂരു പാതയില്‍ രണ്ടാം വട്ടവും ടോള്‍ നിരക്ക് കൂട്ടി; പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍

മൈസൂരു പാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച്‌ വീണ്ടും ദേശീയപാതാ അതോറിറ്റി. രണ്ടാം തവണയാണ് അതോറിറ്റി ഇത്തരത്തില്‍ നിരക്ക് കൂട്ടുന്നത് .

അഞ്ചുരൂപ മുതല്‍ അമ്ബത് രൂപ വരെയാണ് വർധിപ്പിക്കുന്നത്. ഇതോടെ, ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കു പോകാനും മൈസൂരുവഴി നാട്ടിലേക്ക് പോകാനുമുള്ള യാത്ര ചെലവ് കൂടും.

ഏപ്രില്‍ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. പുതുക്കിയനിരക്കുകളനുസരിച് കാറുകള്‍ക്ക് ഒരുദിശയിലേക്കുള്ള നിരക്ക് 165 രൂപയില്‍നിന്ന് 170 രൂപയായും, ബസുകള്‍ക്കും ലോറികള്‍ക്കും ഒരുവശത്തേക്ക് 565 രൂപയായിരുന്നത് 580 രൂപയായുമാണ് കൂട്ടിയത്. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും ഒരുവശത്തേക്ക് 270 രൂപ ആയിരുന്നു ആദ്യത്തെ നിരക്ക് . ഇപ്പോള്‍ അത് 275 ആയി ഉയർത്തി. 1,110 രൂപയാണ് ഏപ്രില്‍ ഒന്നുമുതല്‍ വലിയ വാഹനങ്ങള്‍ക്ക് നല്‍കേണ്ടത്. നേരത്തേ ഇത് 1,060 രൂപയായിരുന്നു. പ്രതിമാസ പാസുകള്‍ക്ക് 800 രൂപവരെയാണ് വര്‍ധന.

അതേസമയം, ചില ഇളവുകള്‍ ടോള്‍ പ്ലാസകളില്‍നിന്ന് ലഭിക്കും. 24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയ്ക്ക് 25 ശതമാനവും മാസം 50 തവണയെങ്കിലും ഒരു വശത്തേക്ക് യാത്രചെയ്താല്‍ 33 ശതമാനവും ആയിരിക്കും ഇളവ് ലഭിക്കുക. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ള സ്വകാര്യ വാഹന ഉടമകള്‍ക്ക് 340 രൂപയ്ക്ക് ഒരുമാസത്തേക്കുള്ള പാസും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *