തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു, സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പുറത്തുകടന്ന യുവാക്കളുടെ ബാഗ് തട്ടിപ്പറിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്.

ശ്രീരാഗും സംഘവും തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവര്‍ പുറത്തേക്ക് വന്നത്. ഈസമയം ദിവാൻജിമൂലയില്‍ തമ്ബടിച്ചിരുന്ന അല്‍ത്താഫും സംഘവും ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങള്‍ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ്. മുഹമ്മദ് അല്‍ത്താഫിനെ കോ- ഓപ്പറേറ്റീവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

റെയില്‍വേസ്റ്റേഷൻ മുതല്‍ പൂത്തോള്‍ വരെയുള്ള ഭാഗം ലഹരിവില്‍പ്പനക്കാരുടെ താവളമാണ്. തെരുവുവിളക്കുകള്‍ പോലും ഇവിടില്ല.

Leave a Reply

Your email address will not be published. Required fields are marked *