ബാള്‍ട്ടിമോര്‍ അപകടം: 6 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി

യു.എസിലെ ബാള്‍ട്ടിമോർ തുറമുഖത്തിനടുത്തുള്ള ‘ഫ്രാൻസിസ് സ്കോട്ട് കീ’ പാലത്തില്‍ ചരക്കുകപ്പലിടിച്ചു തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍വീണ ആറു പേർ മരിച്ചതായി നിഗമനം.

ഇവർക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാർഡ് അവസാനിപ്പിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അപകടസ്ഥലം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനമെന്ന് തിരച്ചില്‍ അവസാനിപ്പിക്കുന്നകാര്യം പ്രഖ്യാപിച്ചുകൊണ്ട് മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. ആറുപേരെയും കണ്ടെത്തുന്നതിനായി സാധ്യമായ വഴികളെല്ലാം ഉപയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

പാലം ഉടൻ പണിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, വേഗത്തില്‍ പാലം സാധാരണ നിലയിലേക്കെത്തിക്കുന്നത് എളുപ്പമായിരിക്കില്ലെന്ന് യു.എസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിജിജ് വ്യക്തമാക്കി. ഇതൊരു സാധാരണ പാലമല്ല. പാലം പഴയ രീതിയിലാക്കുന്നത് എളുപ്പമാകില്ല. പദ്ധതി ചിലവേറിയതും സമയമെടുക്കുന്നതുമാണ്. അതേസമയം, ഇക്കാര്യത്തിനായി തങ്ങള്‍ ഒരുമിച്ച്‌ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യൻ സമയം പകല്‍ 11) ഫ്രാൻസിസ് സ്കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകർന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നും അവർ സുരക്ഷിതരാണെന്നും നടത്തിപ്പുകാരായ സിനർജി മറൈൻ ഗ്രൂപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *