കേജ്രിവാളിന് തിരിച്ചടി; അഴിമതിയുടെ തലച്ചോറെന്ന് ഇഡി, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

 മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതി ആറു ദിവസം ഇ.ഡി കസ്റ്റഡിയില്‍ വിട്ടത് തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും തിരിച്ചടിയായി.അഴിമതിയുടെ മുഖ്യതലച്ചോർ (കിംഗ്പിൻ) കേജ്‌രിവാളാണെന്നും വിശദമായി ചോദ്യംചെയ്യണമെന്നുമുള്ള ഇ.ഡി വാദം അംഗീകരിച്ചാണ് റോസ് അവന്യു കോടതി വിധി.

മാർച്ച്‌ 28ന് ഉച്ചയ്ക്ക് 2നകം കോടതിയില്‍ ഹാജരാക്കണമെന്നാണ് ജഡ്ജി കാവേരി ബവേജയുടെ ഉത്തരവ്.

പത്തു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡി ചോദിച്ചെങ്കിലും ആറു ദിവസത്തേക്ക് അനുവദിക്കുകയായിരുന്നു. തെളിവില്ലാത്ത കേസെന്നു വാദിച്ച കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി അറസ്റ്റിന് തിരഞ്ഞെടുത്ത സമയത്തില്‍ സംശയമുന്നയിച്ചു. അതേസമയം, അറസ്റ്റില്‍ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച്‌ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി.

വരുന്ന ചൊവ്വാഴ്ച കല്യാണ്‍ മാർഗിലെ വസതി ഘെരാവോ ചെയ്യും. അറസ്റ്റില്‍ ഡല്‍ഹിയിലും പഞ്ചാബിലുമടക്കം പ്രതിഷേധം തുടരുകയാണ്.

അറസ്റ്റിനെതിരെ ഇന്നലെ രാവിലെ കേജ്‌രിവാള്‍ സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍, മറ്റൊരു പ്രതി കെ.കവിതയുടെ ജാമ്യാവശ്യത്തില്‍ വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതോടെ കേജ്‌രിവാളിന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ചു. ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കേജ്‌രിവാളിനെ നീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യഹർജിയുമെത്തി.

ഇന്നലെ രാവിലെ ആം ആദ്മി പ്രവർത്തകരും പൊലീസുമായി ഡല്‍ഹിയിലെ ഐ.ടി.ഒ മേഖലയില്‍ സംഘർഷമുണ്ടായി. തെരുവ് യുദ്ധക്കളമായി. ബി.ജെ.പിയുടെ ദേശീയ ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്താനെത്തിയ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷിയെയും നൂറുകണക്കിന് പ്രവർത്തകരെയും അറസ്റ്റുചെയ്ത് നീക്കി.

കേ‌ജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാമുന്നണി നേതാക്കളും ഇന്നലെ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിയമസഹായം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തു. കേജ്‌രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം, അഴിമതിയില്‍ പങ്കുള്ളവർ ജയിലില്‍ പോകുമെന്ന് ബി.ജെ.പി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *