ബിഡിജെഎസിനെ ഒഴിവാക്കണമെന്ന് ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം

തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയപ്പോള്‍ എന്‍ഡിഎയില്‍ ഉണ്ടായ മുറുമുറുപ്പ് പ്രവര്‍ത്തകര്‍ക്കിടയിലേക്കും പടരുന്നു.

ബിജെപി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം അഭിപ്രായവും ബിഡിജെഎസിനെ എന്‍ഡിഎ മുന്നണിയില്‍ നിന്നും ഒഴിവാക്കണമെന്നാണ്. ഇന്നേ വരെ ബിഡിജെഎസിനെ കൊണ്ട് എന്‍ഡിഎയ്‌ക്കോ, ബിജെപിക്കോ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കേന്ദ്ര നേതാക്കള്‍ വരുമ്ബോള്‍ മുഖം കാണിക്കാനെത്തുന്ന തുഷാര്‍, അണികളില്ലാ പാര്‍ട്ടി നേതാവാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നു. ചുളുവില്‍ എം.പി ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളെ എന്തിന് ചുമക്കണമെന്ന് തുഷാറിനെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അടക്കം പറഞ്ഞു തുടങ്ങി.

പി.സി. ജോര്‍ജിന് പത്തനംതിട്ട ലോക്‌സഭ സീറ്റ് ലഭിക്കാതെ വരുകയും സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണം തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇടപെടലാണെന്നുള്ള പി.സിയുടെ വെടിപൊട്ടിക്കല്‍ കൂടി ആയതോടെ ബിജെപി പ്രവര്‍ത്തകരും ബിഡിജെഎസിനും തുഷാറിനും എതിരെ തിരിഞ്ഞിരിക്കുകയാണ്. പിതാവ് വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിനൊപ്പവും മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയ്‌ക്കൊപ്പവും നില്‍ക്കുന്നത് അവരുടെ കച്ചവട താത്പര്യമാണെന്നും ഒരു വിഭാഗം ബിജെപിക്കാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട് .

എന്തായാലും മുന്നണിയിലുണ്ടായിരിക്കുന്ന വിള്ളല്‍ തെരഞ്ഞെടുപ്പിന് ശേഷം പൊട്ടിത്തെറിയിലേക്ക് എത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപി കേന്ദ്ര നേതൃത്വവും തുഷാറിനെ കൈയൊഴിയാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *