പുല്‍വാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദം ; വിശദീകരണവുമായി ആന്റോ ആന്റണി എംപി

പുല്‍വാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതില്‍ വിശദീകരണവുമായി ആന്റോ ആന്റണി എംപി. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് പങ്കില്ലേ എന്ന് ചോദിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ആണെന്നും എന്ത് പങ്ക് എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ചോദ്യം പിന്നീട് ഓരോ താത്പര്യക്കാര്‍ വ്യാഖ്യാനിക്കുകയായിരുന്നു. മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞ കാര്യങ്ങളാണ് താന്‍ ആവര്‍ത്തിച്ചത്. കെ സുരേന്ദ്രന്‍ പറഞ്ഞ പോലെ കേസ് എടുക്കണം എങ്കില്‍ ആദ്യം സത്യപാല്‍ മാലികിനെതിരെയും പിന്നെ ഇതേ വിഷയത്തില്‍ സമരം ചെയ്ത സൈനികരുടെ വിധവകള്‍ക്ക് എതിരെയും കേസ് എടുക്കുമോ? സത്യപാല്‍ മാലിക് പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ ഒന്നും സുരേന്ദ്രന്‍ പറയുന്നില്ല. പുല്‍വാമ സംഭവം രാഷ്ട്രീയ നേട്ടത്തിന് ആയി ബിജെപി ഉപയോഗിച്ചുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചുവെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുമായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയത്? ഇന്ത്യന്‍ സൈന്യം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറയുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യം ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിത്. ആന്റോയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്‌നേഹികള്‍ വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *