പൗരത്വ നിയമ വ്യവസ്ഥകള്‍ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമായതോടെ, വിമർശനങ്ങള്‍ക്ക് മറുപടി നല്‍കി കേന്ദ്ര സർക്കാർ.
സിഎഎ മുസ്‍ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. നിലവിലെ നിയമപ്രകാരം മുസ്‍ലിംകള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിന് തടസ്സമില്ല. അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും സർക്കാർ വിശദീകരിക്കുന്നു.
പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിംകള്‍ ഒഴികെ 6 മതങ്ങളില്‍പ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങളാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. മുസ്‍ലിംകളെ ഒഴിവാക്കിയതിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാർ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. സിഎഎയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ചോദ്യോത്തര രൂപത്തിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
∙ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‍ലിംകളെ ഇത് എങ്ങനെ ബാധിക്കും?
നിലവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന 18 കോടി മുസ്‍ലിംകളുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അവരുടെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഇതിലില്ല. ഇന്ത്യയിലെ മുസ്‍ലിംകള്‍ക്ക് ഹിന്ദുക്കള്‍ക്കു തുല്യമായുള്ള എല്ലാ അവകാശങ്ങളും അതേപടി തുടരും. സിഎഎ നടപ്പാക്കുന്നതിന്റെ പേരില്‍ ഒരു ഇന്ത്യൻ പൗരനോടു പോലും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകില്ല.
∙ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്‍ലിംകളെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നീക്കമുണ്ടോ?
കുടിയേറ്റക്കാരെ ഈ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാമെന്ന് മൂന്നു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് കരാറില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടിയുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ, സിഎഎ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ഒരു വിഭാഗം മുസ്‍ലിംകളുടെയും വിദ്യാർഥികളുടെയും ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
∙ ആരാണ് അനധികൃത കുടിയേറ്റക്കാർ?
1955ലെ പൗരത്വ നിയമത്തിലേതുപോലെ, നിയമസാധുതയുള്ള രേഖകള്‍ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികളാണ് സിഎഎ പ്രകാരവും അനധികൃത കുടിയേറ്റക്കാർ.
∙ സിഎഎ ഇസ്‍ലാമിന്റെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കും?
മേല്‍പ്പറഞ്ഞ മൂന്നു രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും നിമിത്തം ലോകമെമ്ബാടും ഇസ്‌ലാമിന്റെ പ്രതിച്ഛായ മോശമാകുന്ന സാഹചര്യമുണ്ടായി. അതേസമയം, സമാധാനത്തിന്റെ മതമായ ഇസ്‍ലാം ഒരിക്കലും മതാടിസ്ഥാനത്തിലുള്ള അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. സിഎഎ എന്നത് പീഡിതരോട് കാരുണ്യം കാണിക്കുന്നതിനുള്ള ഉപാധിയാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങളുടെ പേരില്‍ ലോകത്തിനു മുന്നില്‍ ഇസ്‍ലാമിന്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
∙ മുസ്‍ലിംകളെ ഇന്ത്യൻ പൗരത്വം തേടുന്നതില്‍നിന്നും സിഎഎ വിലക്കുന്നുണ്ടോ?
ഇല്ല. ഇന്ത്യൻ പൗര നിയമത്തിന്റെ സെക്‌ഷൻ 6 പ്രകാരം, ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മുസ്‍ലിംകള്‍ക്കും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശത്തെ സിഎഎ ഹനിക്കുന്നില്ല.
∙ എന്തുകൊണ്ട് സിഎഎ അനിവാര്യമാകുന്നു?
ഈ മൂന്നു രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവർക്ക് സന്തോഷപൂർണവും സമ്ബല്‍സമൃദ്ധവുമായ ഭാവിക്കായി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് ഇന്ത്യയുടെ സാംസ്കാരിക തനിമയനുസരിച്ച് അവസരം ഉറപ്പുവരുത്തുകയാണ് സിഎഎ ചെയ്യുന്നത്.
∙ സമാനമായ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള മറ്റ് നടപടികള്‍ എന്തൊക്കെയാണ്?
2016ല്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവർക്ക് ഇന്ത്യയില്‍ തുടരുന്നതിന് ദീർഘകാല വീസകള്‍ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
∙ വിദേശരാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിം കുടിയേറ്റക്കാർക്ക് ഏതെങ്കിലും വിധത്തില്‍ നിയന്ത്രണം ഉണ്ടാകുമോ?
സ്വാഭാവിക നിയമങ്ങളെ സിഎഎ ഒരു വിധത്തിലും ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതു വിദേശരാജ്യത്തു നിന്നുമുള്ള മുസ്‌ലിം കുടിയേറ്റക്കാർക്കും നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഈ മൂന്നു രാജ്യങ്ങളിലും സ്വന്തം ശൈലിയിലുള്ള ആചാരങ്ങള്‍ പാലിക്കുന്നതിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന മുസ്‍ലിം മതവിഭാഗത്തില്‍പ്പെട്ടവർക്കും ഇപ്പോഴത്തെ നിയമങ്ങള്‍ അനുസരിച്ചുതന്നെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.