ജീവകാരുണ്യ പട്ടികയില്‍ മുന്നില്‍ യൂസഫലി

സാമ്ബത്തിക ഗവേഷണ സ്‌ഥാപനമായ ഹുറുണ്‍ ഇന്ത്യയും എഡെല്‍ഗിവ്‌ ഫൗണ്ടേഷനും ചേര്‍ന്ന്‌ തയാറാക്കിയ ജീവകാരുണ്യ പട്ടികയില്‍ മലയാളികളായ 10 പേര്‍ ഇടംപിടിച്ചു.

സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി സമ്ബത്ത്‌ ചെലവിടുന്നതില്‍ ഇത്തവണയും മലയാളികളില്‍ മുന്നില്‍ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി തന്നെയാണ്‌. 107 കോടി രൂപയാണ്‌ അദ്ദേഹം ഒരുവര്‍ഷം കൊണ്ട്‌ ചെലവിട്ടത്‌. മലയാളികളില്‍ ഇന്‍ഫോസിസ്‌ സഹ സ്‌ഥാപകന്‍ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ 93 കോടിയുമായി രണ്ടാം സ്‌ഥാനത്തും വി-ഗാര്‍ഡ്‌ സ്‌ഥാപകന്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്‌ഥാനത്തുമാണ്‌.
മുത്തൂറ്റ്‌ ഫിനാന്‍സ്‌ കുടുംബം (71 കോടി രൂപ), ഇന്‍ഫോസിസ്‌ സഹസ്‌ഥാപകന്‍ എസ്‌.ഡി. ഷിബുലാല്‍ (35 കോടി രൂപ), മണപ്പുറം ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ (15 കോടി രൂപ), ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ജോയ്‌ ആലുക്കാസ്‌ (13 കോടി രൂപ), ഗോകുലം ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗോപാലന്‍ എ.എം. ഗോപാലന്‍ (7 കോടി രൂപ), സമി-സബിന്‍സ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ മജീദ്‌ (5 കോടി രൂപ) എന്നിവരാണ്‌ പട്ടികയില്‍ ഇടംനേടിയ മറ്റു മലയാളികള്‍.
ഇവര്‍ മൊത്തം 435 കോടി രൂപയാണ്‌ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്‌. ദേശീയതലത്തില്‍ എച്ച്‌.സി.എല്‍. ടെക്‌നോളജീസ്‌ സ്‌ഥാപകന്‍ ശിവ്‌ നാടാര്‍ (2,042 കോടി രൂപ), വിപ്രോ സ്‌ഥാപകന്‍ അസിം പ്രേംജി (1,774 കോടി രൂപ), റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി (376 കോടി രൂപ) എന്നിവരാണ്‌ ആദ്യ മൂന്നു സ്‌ഥാനങ്ങളില്‍. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ സമ്ബത്ത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെലവഴിക്കുന്നതില്‍ ഇന്ത്യ മുന്നിലാണെന്ന്‌ ഹുറുണ്‍ ഇന്ത്യ എം.ഡിയും ചീഫ്‌ റിസര്‍ച്ചറുമായ അനസ്‌ റഹ്‌മാന്‍ ജുനൈദ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *