മന്ത്രിയുടെ പരിഷ്കരണങ്ങളില്‍ മോട്ടോർ വാഹന വകുപ്പില്‍ അതൃപ്തി.ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം വിവാദമാകുകയും ഉത്തരവാദിത്തത്തില്‍നിന്ന് മന്ത്രി ഗണേഷ്കുമാർ കൈയൊഴിയുകയും ചെയ്തതോടെയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കിടയില്‍ അതൃപ്തി ഉടലെടുത്തത് .
ഓണ്‍ലൈനില്‍ വിളിച്ച യോഗത്തിലെ മന്ത്രിയുടെ കർശന നിർദേശം നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധമുണ്ടായത്.
ഇതോടെ, തീരുമാനത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍, തന്‍റെ നിർദേശപ്രകാരമല്ല പരിഷ്കാരമെന്ന് ഗതാഗതമന്ത്രി പറഞ്ഞ് കൈയൊഴിഞ്ഞതാണ് അതൃപ്തിക്ക് കാരണം. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണങ്ങളുടെ പേരില്‍ മന്ത്രി ഗണേഷ് കുമാറും ഗതാഗത കമീഷണറും അസ്വാരസ്യത്തിലാണ്. കെ.എസ്.ആർ.ടി.സിയില്‍ ബിജു പ്രഭാകറുമായുണ്ടായതിന് സമാനമായ സാഹചര്യമാണ് ഗതാഗത കമീഷണറേറ്റിലുമുള്ളത്. ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ പരിഷ്കരിക്കാനുള്ള തീരുമാനം മുതലാണ് അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ബുധനാഴ്ച മന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗതാഗത കമീഷണർ പങ്കെടുത്തില്ല.
തന്‍റെ നിർദേശങ്ങള്‍ തെറ്റായ വിധത്തില്‍ നടപ്പാക്കുന്നെന്നാണ് കമീഷണറേറ്റിനെ കുറിച്ചുള്ള മന്ത്രിയുടെ പരാതി. ഇടനിലക്കാരെ ഒഴിവാക്കാൻ നല്‍കിയ നിർദേശം പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന വിധത്തിലാണ് ഉത്തരവായി ഇറങ്ങിയതെന്നും പറഞ്ഞു. ഇതിനിടെ, ഡ്രൈവിങ് ടെസ്റ്റില്‍ മോട്ടോർ വാഹനവകുപ്പ് വരുത്തിയ മാറ്റങ്ങളില്‍ വകുപ്പിനുള്ളില്‍നിന്ന് തന്നെ വിമർശനമുയരുന്നു.
കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ റദ്ദാക്കാന്‍ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്നാണ് വിമർശനം. 86 സ്ഥലങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടെങ്കിലും ഒമ്ബതെണ്ണത്തില്‍ മാത്രമാണ് മാനദണ്ഡം പാലിക്കുന്നത്. ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നെങ്കിലും മിക്കയിടത്തും പുറമ്ബോക്കിലും ഡ്രൈവിങ് സ്‌കൂളുകാര്‍ വാടകക്കെടുത്ത സ്ഥലത്തുമാണ് പരിശോധന.