ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെയോടെയാണ് റിതേഷ് രാജിവിവരം സാമൂഹിക മാധ്യമങ്ങള്‍വഴി അറിയിച്ചത്.
പിന്നാലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടിയില്‍ ചേർന്നു. എൻ കെ പ്രേമചന്ദ്രൻ എംപിക്കൊപ്പം പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്ത എംപിയാണ് റിതേഷ് പാണ്ഡേ.
പാർട്ടി യോഗങ്ങള്‍ക്ക് വിളിക്കുന്നില്ലെന്നും നേതൃചർച്ചകളില്‍ പങ്കെടുക്കുന്നതിന് ആവശ്യപ്പെടുന്നില്ലെന്നും റിതേഷ് പാണ്ഡേ ബിഎസ്പി അധ്യക്ഷ മായാവതിക്ക് അയച്ച കത്തില്‍ പറയുന്നു. മായാവതിയെയും മറ്റ് മുതിര്ന്ന നേതാക്കളെയും കാണുന്നതിന് ശ്രമിച്ചുവെങ്കിലും തനിക്ക് അനുമതി ലഭിച്ചില്ല. പാർട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെന്ന് മനസ്സിലായതിനെ തുടർന്നാണ് രാജിവക്കുന്നത് എന്ന് കത്തില്‍ പറയുന്നു.
അതേസമയം സിറ്റിങ് സീറ്റ് ലഭിക്കില്ലെന്ന സൂചനയെത്തുടര്‍ന്നാണ് റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ടതെന്ന റിപ്പോർട്ടുകളുണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബൻസലുമായി പാണ്ഡെ ബന്ധപ്പെട്ടിരുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സിറ്റിങ് സീറ്റില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് സൂചന.
42 കാരനായ അദ്ദേഹം ഉത്തർപ്രദേശിലെ അംബേദ്കർ നഗറില്‍നിന്നുള്ള എംപിയാണ്. അദ്ദേഹത്തിന്റെ പിതാവ് ഉത്തർപ്രദേശ് നിയമസഭയിലെ സമാജ്‌വാദി പാർട്ടി എംഎല്‍എയാണ്.
പാണ്ഡെ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ബിഎസ്പി അധ്യക്ഷ മായാവതി എക്‌സില്‍ ഒരു ത്രെഡ് പോസ്റ്റ് ചെയ്തു. ബിആർ അംബേദ്കറുടെ ദൗത്യത്തിനായി സമർപ്പിക്കപ്പെട്ട പ്രസ്ഥാനമാണ് ബിഎസ്പി. അതിനാല്‍ ഈ പാർട്ടിയുടെ പ്രത്യയശാസ്ത്രവും പ്രവർത്തനവും സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പും മറ്റ് മുതലാളിത്ത പാർട്ടികളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത്. എംപിമാർ തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി സമയം മാറ്റിവെച്ചോയെന്നും സ്വയം പരിശോധിക്കണമെന്നും മായാവതി കുറിച്ചു.