ഈ ലോക്സഭാ ‘തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയും, യുഡിഎഫ് തകരും’; കെ സുരേന്ദ്രൻ

ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയുമെന്നും യുഡിഎഫ് കേരളത്തില്‍ തകരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

എല്‍ഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തില്‍ ഉണ്ടാകു. വർഗീയ ശക്തികളെ താലോലിച്ച്‌ വർഗീയ ധ്രൂവീകരണത്തിന് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലീം വോട്ട് സമാഹരിക്കാൻ എല്‍ഡിഎഫ് ശ്രമിക്കുമ്ബോള്‍ യുഡിഎഫാണ് ക്ഷയിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

സാമുദായിക ധ്രൂവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. അത് തടയാൻ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഈരാറ്റുപേട്ടയില്‍ വൈദികനെ ആക്രമിച്ച സംഭവത്തില്‍ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്തായിരുന്നാലും വലിയ പ്രശ്നം ആവേണ്ടതായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മന്നത്ത് പദ്മനാഭനെനെതിരായ ദേശാഭിമാനി ലേഖനത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുസ്ലിം വോട്ട് നഷ്ടപ്പെടുമോ എന്ന ചിന്തയിലാണ് കോണ്‍ഗ്രസ് മിണ്ടാത്തത്. പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് കെ സുരേന്ദ്രൻ അവകാശപ്പെട്ടു. മാധ്യമ സർവേകളില്‍ നിന്ന് തന്നെ ബിജെപിയുടെ ജനപിന്തുണ തെളിഞ്ഞുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച്‌ ആദ്യ വാരത്തില്‍ ഉണ്ടാകുമെന്നും സംസ്ഥാന ഘടകത്തിൻ്റെ നിർദ്ദേശങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ അറിയിച്ചു.

ഭാരത് അരി വിതരണം പലർക്കും സഹിക്കുന്നില്ല. ജനങ്ങളുടെ ലാഭം അല്ല വിതരണം തടയുന്നവരുടെ പ്രശ്നം. തടയാൻ ശ്രമിക്കുന്നവരെ ജനം തന്നെ തെരുവില്‍ നേരിടുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കെ-അരി എന്ന കരി എന്ന് വരുമെന്ന് അറിയില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *