കടമെടുപ്പ് പരിധി സംബന്ധിച്ച് സുപ്രിം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും.
ദല്‍ഹിയില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചർച്ചയില്‍ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം പങ്കെടുക്കും. വലിയ പ്രതീക്ഷയിലാണ് കേന്ദ്രവുമായുള്ള ചർച്ചയില്‍ പങ്കെടുക്കുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു.
ചർച്ചയില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കില്ല. കേന്ദ്ര ധനകാര്യ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാകും പങ്കെടുക്കുക. കേന്ദ്രധനമന്ത്രി പങ്കെടുക്കാത്തില്‍ പ്രശ്നമില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നതെന്നും ദല്‍ഹിയില്‍ കേന്ദ്രവുമായുള്ള ചർച്ചക്കെത്തിയ മന്ത്രി പറഞ്ഞു. കോടതിയുടെ ഇടപെടല്‍ ഫെഡറലിസത്തിന് പ്രാമുഖ്യം നല്‍കി ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്‌ക്കായി കേരളം സമിതി രൂപീകരിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാള്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റു പ്രതിനിധികള്‍.
സാമൂഹ്യ പെൻഷൻ അടക്കം നല്‍കേണ്ടതിനാല്‍ ഹർജിയില്‍ ഉടൻ തീരുമാനം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം. കേരളം തയ്യാറാണെന്ന് അറിയിച്ചതോടെ കേന്ദ്രവും ചർച്ചയില്‍ സമ്മതം അറിയിച്ചത്. ചർച്ചയില്‍ മുന്നോട്ടുവരുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹർജി അടുത്ത തവണ പരിഗണിക്കുമ്ബോള്‍ സുപ്രിംകോടതി ഇടപെടല്‍ ഉണ്ടാവുക.