സി.ബി.ഐ കേന്ദ്രത്തിെന്റ നിയന്ത്രണത്തിലല്ലെന്ന് സർക്കാർ സുപ്രീം കോടതിയില്‍ അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സി.ബി.ഐ സംസ്ഥാനത്ത് വിവിധ കേസുകളില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനെതിരെ പശ്ചിമ ബംഗാള്‍ സർക്കാർ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിെന്റ വിശദീകരണം.
സംസ്ഥാനത്ത് അന്വേഷണം നടത്തുന്നതിന് സി.ബി.ഐക്കുള്ള അനുമതി ബംഗാള്‍ സർക്കാർ 2018 നവംബർ 16ന് പിൻവലിച്ചിരുന്നു. എന്നിട്ടും സി.ബി.ഐ എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്ന് ബംഗാള്‍ സർക്കാർ ആരോപിച്ചു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാൻ അധികാരം നല്‍കുന്ന ഭരണഘടനയുടെ 131ാം അനുച്ഛേദം പ്രകാരമാണ് ബംഗാള്‍ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയില്‍ നിക്ഷിപ്തമായിരിക്കുന്ന ഏറ്റവും വിശുദ്ധമായ അധികാരപരിധികളിലൊന്നാണ് 131ാം അനുച്ഛേദമെന്നും അത് ദുരുപയോഗം ചെയ്യാൻ അനുവദിച്ചുകൂടെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മുമ്ബാകെ ബോധിപ്പിച്ചു. സംസ്ഥാനത്തിെന്റ പരാതിയില്‍ പറഞ്ഞിരിക്കുന്ന കേസുകള്‍ കേന്ദ്ര സർക്കാർ നല്‍കിയതല്ലെന്നും സി.ബി.ഐ നേരിട്ട് രജിസ്റ്റർ ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.