ഉണ്ണി മുകന്ദൻ പത്തനംതിട്ടയില്‍..പിടി ഉഷയും പരിഗണനയിലെന്ന്

ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രം മെനയുകയാണ് ബി ജെ പി.

ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാല്‍ നേട്ടം കൊയ്യാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് ലഭിക്കുന്ന സ്വീകാര്യത ബി ജെ പിയുടെ ആത്മവിശ്വാസം വലിയ രീതിയില്‍ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാർട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലയിലെ പ്രമുഖരേയും സ്ഥാനാർത്ഥികളാക്കാനുള്ള ആലോചനയിലാണ് ബിജെപി.

ഒളിമ്ബ്യനും എംപിയുമായ പിടി ഉഷ, ഉണ്ണി മുകുന്ദൻ എന്നിവരെയൊക്കെയാണ് ബി ജെ പി പരിഗണിക്കുന്നത്. ഉഷയെ കോഴിക്കോട് മത്സരിപ്പിക്കാനാണ് ആലോചന. നേരത്തേ ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കാനായിരുന്നു നീക്കം. എന്നാല്‍ ഉഷ മത്സരിച്ചാല്‍ പാർട്ടിക്ക് അതീതമായ വോട്ടുകള്‍ നേടിയെടുക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. പികെ കൃഷ്ണദാസ് അടക്കമുള്ളവർക്ക് ഉഷയ്ക്ക് വേണ്ടി രംഗത്തുണ്ട്. മത്സരിക്കാൻ അവർക്ക് മേല്‍ നേതാക്കള്‍ സമ്മർദ്ദം ശക്തമാക്കിയേക്കും.

പത്തനംതിട്ടയിലാണ് ഉണ്ണി മുകുന്ദന്റെ പേര് ശക്തമായി പരിഗണിക്കുന്നത്. തൃശൂരും തിരുവനന്തപുരവും പോലെ ബി ജെ പി പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനാണ് ഇവിടെ മല്‍സരിച്ചത്. വോട്ടുകള്‍ ഉയര്‍ത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു ബി ജെ പി.

മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്റെ പേരാണ് ഇവിടെ ആദ്യം പരിഗണിക്കപ്പെട്ടത്. എന്നാല്‍ ഉണ്ണി മുകുന്ദൻ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് ബി ജെ പി കരുതുന്നത്. ശബരിമല ഇതിവൃത്തമായ മാളികപ്പുറം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അയ്യപ്പന്റെ റോള്‍ അവതരിപ്പിച്ചത് വലിയ സ്വീകാര്യത നേടാൻ കാരണമായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ഇത് അനുകൂലഘടകമാണെന്നാണ് ബി ജെ പി കരുതുന്നത്. അതേസമയം താൻ മത്സരിക്കില്ലെന്നാണ് നേരത്തേ ഉണ്ണി മുകുന്ദൻ നിലപാടെടുത്ത്.

അതിനിടെ ഗായിക കെ എസ് ചിത്രയുടെ പേരും പാർട്ടി ആലോചനകകളില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ചിത്രയെ മത്സരിപ്പിക്കാനാണ് ആലോചന. അടുത്തിടെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗായിക രംഗത്തെത്തിയത് വിവാദത്തിന് കാരണമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അവർ സന്നദ്ധയായാല്‍ മത്സരിപ്പിക്കാമെന്ന ചർച്ചകള്‍ നടക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ടില്‍ പറയുന്നത്. അതേസമയം ക്രിസ്ത്യൻ വോട്ടുകള്‍ ലക്ഷ്യമിട്ട് സമുദായത്തില്‍ സ്വാധീനമുള്ള നേതാക്കളേയും ബി ജെ പി പരിഗണിക്കുന്നുണ്ട്. സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച്‌ കൂടുതല്‍ ചിത്രം തെളിയും. പദയാത്രയുടെ സമാപനത്തോടെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ പാർട്ടിയില്‍ എത്തുമെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *