പുതിയ പരിഷ്കാരത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം ;സ്കൂളുകളുടെ പേര് മാറും

സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ പരിഷ്‌കാരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് . ലയന നടപടികള്‍ പൂർത്തിയാകുന്നതോടെ സ്കൂളുകളുടെ പേരില്‍ മാറ്റം വരുകയും ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാവുകയും ചെയ്യും.

ഹെഡ്മാസ്റ്റർ തസ്തികക്ക് പകരം വിവിധ ശ്രേണിയിലുള്ള പ്രിൻസിപ്പല്‍ തസ്തിക സൃഷ്ടിക്കാനാണ് വിദഗ്ദ സമിതി റിപ്പോർട്ടില്‍ നിർദേശിച്ചിരിക്കുന്നത്.

12ാം ക്ലാസ് വരെയുള്ള ഗവ. ഹയർസെക്കൻഡറി സ്കൂളുകളുടെ പേര് ഗവ. സെക്കൻഡറി സ്കൂള്‍ എന്നാക്കി മാറ്റും. ഈ സ്കൂളിലെ മേധാവി ഗവ. സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ ആയിരിക്കും. 10ാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ പേര് ഹൈസ്കൂള്‍ എന്നതിനു പകരം ലോവർ സെക്കൻഡറി സ്കൂള്‍ എന്നാക്കി മാറ്റും. ഇവിടത്തെ ഹെഡ്മാസ്റ്റർ തസ്തിക ലോവർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ എന്നാകും. ഏഴാം ക്ലാസ് വരെയുള്ള അപ്പർ പ്രൈമറി (യു.പി) സ്കൂളുകളുടെ പേര് പ്രൈമറി സ്കൂള്‍ എന്നായി മാറും. ഇവിടത്തെ ഹെഡ്മാസ്റ്റർ തസ്തിക അപ്പർ പ്രൈമറി സ്കൂള്‍ പ്രിൻസിപ്പല്‍ എന്നായി മാറും. നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളുകള്‍ അതേപേരില്‍തന്നെ തുടരും. ഇവിടത്തെ ഹെഡ്മാസ്റ്റർ ലോവർ പ്രൈമറി സ്കൂള്‍ പ്രിൻസിപ്പല്‍ ആയി മാറും.

നിലവിലുള്ള ഹയർസെക്കൻഡറി, ഹൈസ്കൂള്‍ വേർതിരിവ് പൂർണമായും ഇല്ലാതാക്കുന്നതാണ് പരിഷ്കാരം. ഇതിനായി എട്ട് മുതല്‍ 12 വരെ ക്ലാസുകളെ സെക്കൻഡറിതലം എന്നാക്കി മാറ്റും. ഹൈസ്കൂള്‍, ഹയർസെക്കൻഡറി അധ്യാപക തസ്തികകള്‍ ഇല്ലാതാകും. പകരം സെക്കൻഡറി അധ്യാപക തസ്തികകള്‍ മാത്രം. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാർക്കോടെയുള്ള പി.ജിയും ബി.എഡും സെറ്റും. സെക്കൻഡറി സ്കൂള്‍ വൈസ് പ്രിൻസിപ്പല്‍ തസ്തിക ഹൈസ്കൂള്‍ അധ്യാപകരുടെ പ്രമോഷൻ തസ്തികയാകും. ഹൈസ്കൂള്‍ അധ്യാപക തസ്തിക ഇല്ലാതാകുന്നതോടെ ഇതിലേക്ക് സെക്കൻഡറി അധ്യാപകരില്‍നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തില്‍ നിയമനം നടത്തും.

ഹയർസെക്കൻഡറി അധ്യാപക തസ്തിക സെക്കൻഡറി സ്കൂള്‍ ടീച്ചർ (ഗ്രേഡ് വണ്‍) എന്നാക്കി മാറ്റും. ഇവർക്ക് എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കാം. സെക്കൻഡറി സ്കൂള്‍ യോഗ്യത ഇല്ലാത്തവർ ഹൈസ്കൂള്‍ അധ്യാപക തസ്തികയില്‍ തുടരും. ഇവർ വിരമിക്കുന്നതോടെ ബന്ധപ്പെട്ട തസ്തിക ഇല്ലാതാകും. തുടർന്നുള്ള നിയമനങ്ങള്‍ സെക്കൻഡറി ടീച്ചർ തസ്തികയില്‍.

പ്രധാന മാറ്റങ്ങള്‍

ഹയർസെക്കൻഡറി ജൂനിയർ അധ്യാപക തസ്തിക സെക്കൻഡറി സ്കൂള്‍ ടീച്ചർ എന്നാക്കി മാറ്റും.
* ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ (ഡി.ഇ.ഒ) അസി. സ്കൂള്‍ എജ്യുക്കേഷൻ ഓഫീസർമാരാകും.
* വി.എച്ച്‌.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ജോയൻറ് ഡയറക്ടർ (വർക്ക് എജ്യുക്കേഷൻ) എന്നാക്കി മാറ്റും.
* വി.എച്ച്‌.എസ്.ഇ അസി. ഡയറക്ടർ തസ്തിക സ്കൂള്‍ എജ്യുക്കേഷൻ ഓഫീസർ (വർക്ക് എജ്യുക്കേഷൻ) എന്നാക്കും.
* വി.എച്ച്‌.എസ്.ഇ ടെക്നിക്കല്‍ ഓഫീസർ തസ്തിക ടെക്നിക്കല്‍ ഓഫീസർ (വർക്ക് എജ്യുക്കേഷൻ) എന്നാകും.
* ഹയർസെക്കൻഡറിയിലെ കരിയർ ഗൈഡൻസ്/ അഡോളസൻറ് കൗണ്‍സലിങ് കോ ഓഡിനേറ്റർ തസ്തിക ഇല്ലാതാകും. ചുമതല ജോയൻറ് ഡി.ജി.ഇക്ക്.
* ഹയർസെക്കൻഡറി, വി.എച്ച്‌.എസ്.ഇ വിഭാഗങ്ങളിലെ എൻ.എസ്.എസ് കോ ഓഡിനേറ്റർ തസ്തിക ഇല്ലാതാകും. ചുമതല ജോയൻറ് ഡി.ജി.ഇക്ക്.
* യു.പി സ്കൂള്‍ ടീച്ചർ തസ്തിക പ്രൈമറി സ്കൂള്‍ ടീച്ചർ എന്നാക്കി മാറ്റും. നിലവിലുള്ളവരില്‍ പ്രൈമറി സ്കൂളിലേക്കുള്ള പുതുക്കിയ യോഗ്യത (ബിരുദവും ബി.എഡും) നേടാത്തവർ യു.പി സ്കൂള്‍ ടീച്ചർ തസ്തികയില്‍ തുടരും. ഇവർ വിരമിക്കുന്ന മുറക്ക് യു.പി സ്കൂള്‍ ടീച്ചർ തസ്തിക ഇല്ലാതാകും. തുടർന്നുള്ള നിയമനം പ്രൈമറി സ്കൂള്‍ ടീച്ചർ തസ്തികയില്‍.
* എല്‍.പി സ്കൂള്‍ ടീച്ചർ തസ്തിക 2030 ജൂണ്‍ ഒന്ന് മുതല്‍ ഇല്ലാതാകും. ഇതിന് ശേഷം ഈ തസ്തികയും ബിരുദം യോഗ്യതയായുള്ള പ്രൈമറി സ്കൂള്‍ ടീച്ചർ എന്നാക്കി മാറ്റും.
* വി.എച്ച്‌.എസ്.ഇകളിലെ നോണ്‍വൊക്കേഷനല്‍ ടീച്ചർ ജൂനിയർ തസ്തിക ഇല്ലാതാകും. തസ്തികയിലുള്ളവർ സെക്കൻഡറി സ്കൂള്‍ ടീച്ചർ തസ്തികയിലേക്ക് മാറും.
വി.എച്ച്‌.എസ്.ഇ വൊക്കേഷനല്‍ ടീച്ചർ വർക്ക് എജ്യുക്കേഷൻ ടീച്ചറായി മാറും. തസ്തികയില്‍ എട്ട് വർഷം പൂർത്തിയാക്കുന്നവരെ ഗ്രേഡ് ഒന്നാക്കി ഉയർത്തും.
* വി.എച്ച്‌.എസ്.ഇയിലെ ഇൻസ്ട്രക്ടർ തസ്തിക വർക്ക് എജ്യുക്കേഷൻ ഇൻസ്ട്രക്ടർ എന്നാക്കി മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *