റഷ്യയുടെ വാഗ്നര്‍ ഗ്രൂപ്പ് ഹിസ്ബുള്ളയ്ക്ക് അത്യാധുനിക മിസൈലുകള്‍ അയയ്ക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ലെബനനില്‍ നിന്ന് ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം അയയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

യുഎസ് ഇന്‍റലിജൻസിനെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വ്യോമാക്രമണത്തെ ചെറുക്കുന്നതിന് വിമാനവേധ മിസൈലുകളും തോക്കുകളും ഉപയോഗിക്കുന്ന സംവിധാനമായ എസ്‌എ-22 ആണ് ഹിസ്ബുള്ളയ്ക്ക് നല്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാഗ്നര്‍ ഗ്രൂപ്പും ഹിസ്ബുള്ളയും തമ്മിലുള്ള ചര്‍ച്ചകള്‍ അമേരിക്കൻ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നിരീക്ഷിച്ചുവരികയാണെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പാന്‍റ്സി‌ര്‍-എസ്1 എന്നും അറിയപ്പെടുന്ന ഇത് റഷ്യൻ നിര്‍‌മിതമായ, ഒരു ട്രക്കില്‍ ഘടിപ്പിച്ച ഭൂതല-വിമാന മിസൈലും വിമാനവേധ ആയുധ സംവിധാനവുമാണ്. ഈ ആയുധം റഷ്യ – യുക്രെയ്ൻ യുദ്ധത്തിലും ഉപയോഗിച്ചിരുന്നു.

ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായതോടെ ലെബനീസ് അതിര്‍ത്തിയില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലും വര്‍ധിച്ചിട്ടുണ്ട്. ഇസ്രയേലിന്‍റെ വ്യോമാക്രമണങ്ങള്‍ക്കെതിരായ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഈ ആയുധം ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് പശ്ചിമേഷ്യയില്‍ വിന്യസിക്കാനാകും.

യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്‌, എസ്‌എ-22 ഇതുവരെ ലെബനനിലേക്ക് കൈമാറിയിട്ടില്ല. എന്നാല്‍ ഹിസ്ബുള്ളയുടെയും വാഗ്നറുടെയും പ്രതിനിധികള്‍ നിലവില്‍ സിറിയയിലുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്നിരുന്നാലും, ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കെതിരെ പോരാടുന്നതിന് ഹമാസിനെ സഹായിക്കാൻ ആയുധം ലെബനനില്‍ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.

കൂടാതെ, വാഗ്നറും ഹിസ്ബുള്ളയും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച്‌ റഷ്യൻ ഉദ്യോഗസ്ഥരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *