‘കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍ ഡല്‍ഹിയില്‍ സഭ തടസ്സപ്പെടുത്താറുണ്ടെങ്കിലും കേരളത്തില്‍ അങ്ങനെ ചെയ്യാറില്ല’ ; എം.പിമാരെ ട്രോളി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല

തിരുവനന്തപുരം : കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍ ഡല്‍ഹിയില്‍ സഭ തടസ്സപ്പെടുത്താറുണ്ടെങ്കിലും കേരളത്തില്‍ അങ്ങനെ ചെയ്യാറില്ലെന്നും അതുകൊണ്ട് താൻ സംസ്ഥാന നിയമസഭയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ലോക്സഭ സ്പീക്കർ ഓം ബിർല.

പി.എ.സി അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആമുഖമായായിരുന്നു പരാമർശം.

കേരള നിയമസഭക്ക് അതിന്റേതായ പ്രത്യേകതയുണ്ടെന്ന് ഓം ബിർല തുടർന്ന് പറഞ്ഞു. ഇവിടെ വളരെയധികം സഭ നടപടികളും ചർച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. എന്നാല്‍ സഭ തടസ്സപ്പെടാറില്ല. കേരളത്തിലുള്ള സംവാദത്തിന്റെ ഈ നല്ല പാരമ്പര്യത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കേണ്ടതുണ്ട്. കേരളത്തിന് അതിന്റേതായ ഒരു വ്യക്തിത്വമുണ്ട്.

ഇവിടത്തെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം, വിദ്യാഭ്യാസം, ജനകീയ മുന്നേറ്റങ്ങള്‍, പരിഷ്കർത്താക്കള്‍, ശക്തമായ ജനാധിപത്യ സംവിധാനങ്ങള്‍ എന്നിവ പ്രധാനപ്പെട്ടതാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പ്രകൃതിസൗന്ദര്യവും രുചികരമായ ഭക്ഷണരീതി കൊണ്ടും സാഹിത്യം, സംസ്കാരം, നൃത്തം തുടങ്ങിയ സമ്പന്നമായ സാംസ്കാരിക പൈതൃകം കൊണ്ടും ഏവരെയും ആകർഷിക്കുന്ന കേരളത്തിലേക്ക് വരുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ഹരിവംശ് പറഞ്ഞു. ഇവിടെയുള്ളവർ വളരെ ഉദാരമനസ്കരാണ്. ഭൂപരിഷ്കരണം, മാനവ വികസന സൂചിക, ജനാധിപത്യ വികേന്ദ്രീകരണം, നിയമനിർമാണ പരിഷ്കാരങ്ങള്‍ എന്നിങ്ങനെ നിർണായക ചുവടുവെപ്പുകള്‍ കൊണ്ട് ശ്രദ്ധേയമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *