ശബരിമലയില്‍ വരുമാന വര്‍ധനവ്; അപ്പം, അരവണ ഇനങ്ങളില്‍നിന്ന് 190 കോടി രൂപയുടെ വരുമാനം

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.

കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 380 കോടിയായിരുന്നു വരുമാനം. ജനുവരി 12വരെയുള്ള കണക്കാണിത്. റെക്കോർഡ് വരുമാനമാണിതെന്നും ജയകുമാർ പറഞ്ഞു.

അപ്പം, അരവണ ഇനങ്ങളില്‍നിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ നിന്നായി 160 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം. കാണിക്കയായി ഇത്തവണ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 105 കോടിയായിരുന്നു. കാണിക്കയായടക്കം ലഭിച്ച നാണയങ്ങള്‍ എണ്ണുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച്‌ ഈ മാസം 20ന് മുമ്പായി നാണയം എണ്ണല്‍ പൂർത്തിയാക്കുമെന്നും ജയകുമാർ പറഞ്ഞു.

51 ലക്ഷം തീർത്ഥാടകരാണ് തിങ്കളാഴ്ചവരെ ദർശനത്തിനായി ശബരിമലയില്‍ എത്തിയത്. 44 ലക്ഷം പേർ മണ്ഡലകാലത്തും ഏഴ് ലക്ഷം തീർത്ഥാടകർ മകരവിളക്ക് ഉത്സവത്തിനുമാണ് എത്തിയത്.

അതേസമയം ഇന്ന് നടക്കുന്ന മകരവിളക്ക് ദർശനത്തിനും മകരസംക്രമ പൂജയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർക്ക് സുരക്ഷിതമായി മകരവിളക്ക് ദർശിക്കാനും തിരികെ മടങ്ങാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പ് സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അമ്പതോളം ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലയ്ക്കല്‍ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *