സർക്കാരിന്റെ എല്ലാ നിർണ്ണായക നയപരമായ തീരുമാനങ്ങളും കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും ഉന്നത നേതാക്കളുടെ അറിവോടെയും കൂടിയാലോചനയോടെയുമാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
താൻ ആരുമായും ചർച്ച ചെയ്യുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും, അതേസമയം താൻ വിമർശനങ്ങള്‍ക്ക് അതീതനല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണമുന്നണിയിലെയും സർക്കാരിലെയും തീരുമാനങ്ങള്‍ കണ്‍വീനറെ അറിയിക്കാതെയാണ് എടുക്കുന്നതെന്ന യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങള്‍ക്ക് മറുപടിയയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
“ആരുമായും ചർച്ച ചെയ്യുന്നില്ലെന്നാണ് ചിലരുടെ ആരോപണം. എന്നാല്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രണ്ട് മുൻ കെപിസിസി പ്രസിഡന്റുമാർ, ഒരു പ്രവർത്തക സമിതി അംഗം, രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, രണ്ട് വനിതാ നേതാക്കള്‍ എന്നിവരുള്‍പ്പെടെ പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള മുതിർന്ന നേതാക്കള്‍ മന്ത്രിസഭയിലുണ്ട്. ഇതിനർത്ഥം എല്ലാ കാര്യങ്ങളും പാർട്ടി നേതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നുണ്ട് എന്നുതന്നെയാണ്. നയപരമായ കാര്യങ്ങള്‍ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും ആലോചിക്കും. പാർട്ടി നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. എന്നാല്‍ ദൈനംദിന ഭരണപരമായ കാര്യങ്ങളില്‍ പാർട്ടിയുമായി ചർച്ച നടത്തേണ്ട യാതൊരു ആവശ്യവുമില്ലല്ലോ?”- സതീശൻ ചോദിച്ചു.
പാർട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കവെ, കോണ്‍ഗ്രസ് ബിജെപി പോലെയൊരു പാർട്ടിയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “ഞാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നോട് ആർക്കും വിയോജിക്കാം. പാർട്ടിയിലേക്ക് ഉയർന്നുവരുന്ന ചെറുപ്പക്കാർക്ക് പോലും എന്നെ പരസ്യമായി വിമർശിക്കാം. ഞാൻ വിമർശനങ്ങള്‍ക്ക് അതീതനല്ല. ഞാൻ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചാല്‍ അത് തുറന്ന മനസ്സോടെ കേള്‍ക്കാൻ ഞാൻ തയ്യാറാണ്. അവരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്ക് തോന്നിയാല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കും,” അദ്ദേഹം വ്യക്തമാക്കി.
