പ്രിയപ്പെട്ടവനെ വരവേല്‍ക്കാൻ കുടുംബം വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും നിരാശ മാത്രം ബാക്കി; വധശിക്ഷയ്ക്ക് വിധേയനായ അബൂട്ടിയു‌ടെ ജീവിതം വഴിമാറിയ ആ സംഭവം

ലഹരി കടത്തിയ കേസില്‍ ദമാമിലെ ജയിലില്‍ തടവിലായിരുന്ന മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷ കഴിഞ്ഞ ദിവസമാണ് സൗദി നടപ്പിലാക്കിയയത്.

2023ല്‍ ഒമാനില്‍ നിന്നു സൗദിയിലേക്കു 43 കിലോ ലഹരി കടത്തിയെന്ന കേസിലാണ് അബൂട്ടി പിടിയിലായത്. മറ്റൊരാള്‍ ഏല്‍പിച്ച വാഹനമാണെന്നും നിരപരാധിയാണെന്നും വാദിച്ചെങ്കിലും വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. രാജകീയ ഉത്തരവ് കൂടി വന്നതിനു പിന്നാലെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

ദമാമില്‍ വധശിക്ഷയ്ക്ക് വിധേയനായി തടവില്‍ കഴിയവേയാണ് കണ്ണൂർ സ്വദേശി അബൂട്ടി വള്ളിയിലിനെ റിയാദിലെ മുൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കണ്ടുമുട്ടുന്നത്. അന്ന് സൗദിയിലെ അല്‍ അഹ്‌സ ജയിലിന്റെ ഒരു കോണില്‍, താടിക്കു കയ്യും കൊടുത്തിരുന്ന ആ 41വയസ്സുകാരന്റെ വാക്കുകളൊന്നും അദ്ദേഹത്തിന് മറക്കാനാവില്ല.

നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അബൂട്ടിയുടെ ജീവിതം മാറിമറിഞ്ഞത്. 2023 ഡിസംബർ രണ്ടിന് രാത്രി 11.45നുള്ള എയർ ഇന്ത്യ വിമാനത്തില്‍ റിയാദില്‍ നിന്ന് പുറപ്പെടുമെന്നും പിറ്റേന്ന് രാവിലെ ഏഴിന് കരിപ്പൂരിലെത്തുമെന്നും അബൂട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പ്രിയപ്പെട്ടവനെ വരവേല്‍ക്കാൻ കുടുംബം വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും അബൂട്ടി എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങള്‍ റിയാദിലെ ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു.

എംബസി അധികൃതർ എയർ ഇന്ത്യ ഓഫിസുമായും റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവുമായും ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു യാത്രക്കാരൻ അന്നേദിവസം വിമാനത്തില്‍ കയറിയിട്ടില്ലെന്ന വിവരം അറിയുന്നത്. റിയാദിലെ സ്റ്റേഷനുകളിലും ആശുപത്രികളിലും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഐസിഎഫ് പ്രവർത്തകൻ ഇബ്രാഹീം കരീം ഉള്‍പ്പെടെയുള്ള നിരവധി സാമൂഹിക പ്രവർത്തകരും കുടുംബവും വിഷയം സജീവമായി ഉയർത്തിപ്പിടിച്ചതോടെ എംബസി വിഷയം സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

അന്വേഷണം പുരോഗമിക്കവെയാണ് അല്‍ അഹ്‌സ ജയില്‍ സന്ദർശിക്കാൻ എംബസി പ്രതിനിധികളായ യൂസഫ് കാക്കഞ്ചേരിക്കും രാജീവ് സിക്രിക്കും അനുമതി ലഭിക്കുന്നത്. വിവിധ കേസുകളില്‍പ്പെട്ട 202 ഇന്ത്യൻ തടവുകാരായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. തടവുകാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടയിലാണ് ശോകമൂകനായി ഇരിക്കുന്ന മലയാളി യുവാവ് യൂസഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പേര് ചോദിച്ചപ്പോഴാണ് രണ്ടാഴ്ചയായി എംബസിയും ബന്ധുക്കളും തെരയുന്ന അബൂട്ടി വള്ളിയിലാണ് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് വ്യക്തമായത്. അരമണിക്കൂറോളം യൂസഫ് കാക്കഞ്ചേരി അബൂട്ടിയോട് കാര്യങ്ങള്‍ സംസാരിച്ചു.

ഒരു സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ഒമാനില്‍ നിന്ന് ഒരു ലാൻഡ് ക്രൂയിസർ കാറുമായി സൗദിയിലേക്ക് അബൂട്ടി യാത്ര തിരിച്ചത്. വാഹനം സൗദിയിലെത്തിച്ചാല്‍ സുഹൃത്തിന് കൈമാറി നാട്ടിലേക്ക് പോകാമെന്നായിരുന്നു ധാരണ. എന്നാല്‍ ഒമാൻ-സൗദി അതിർത്തി പ്രദേശമായ ‘ഉമ്മു റമൂല്‍’ വച്ച്‌ സൗദി ലഹരിമരുന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം തടയുകയും അബൂട്ടിയെ കസ്റ്റഡിയിലെടുക്കുകയും െചയ്തു. പരിശോധനയില്‍ വണ്ടിയുടെ ഇരട്ട പെട്രോള്‍ ടാങ്കുകളിലൊന്നില്‍ ‘ഷാബു’ എന്നറിയപ്പെടുന്ന 43 കിലോ മെത്താഫെറ്റമിൻ ഒളിപ്പിച്ചതായി കണ്ടെത്തി. വാഹനത്തിനുള്ളില്‍ ലഹരിമരുന്നുണ്ടെന്ന വിവരം അബൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പിന്നീട് അന്വേഷണ സംഘം അബൂട്ടിയെ റിയാദ് എയർപോർട്ടിലെത്തിച്ച്‌ ബന്ധുക്കളുമായി വാട്‌സ്‌ആപ്പ് ചാറ്റ് നടത്തിക്കുകയായിരുന്നു.

അല്‍ അഹ്‌സ വിചാരണ കോടതി അബൂട്ടിക്ക് 25 വർഷത്തെ തടവും ഒരു മില്യൻ റിയാല്‍ പിഴയുമാണ് ആദ്യം വിധിച്ചത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷൻ ഇതിനെതിരെ അപ്പീല്‍ നല്‍കിയതോടെ, അപ്പീല്‍ കോടതി ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. 2012ല്‍ മൂന്ന് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം, 14 വർഷത്തിന് ശേഷമാണ് ലഹരിമരുന്ന് കേസില്‍ മറ്റൊരു മലയാളി കൂടി സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *