കോഴിക്കോട്: സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിൽ നിർണായക അഴിച്ചുപണി. കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ പ്രധാന നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരിൽ നിന്നുള്ള പി. ജയരാജൻ, തിരുവനന്തപുരത്ത് നിന്നുള്ള വി. ശിവൻകുട്ടി, പാലക്കാട് നിന്നുള്ള എം.ബി. രാജേഷ് എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടം നേടി.
അതേസമയം, നിലവിലെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെയും മുതിർന്ന നേതാവ് ടി.എം. തോമസ് ഐസക്കിനെയും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി ക്ഷണിതാവായ ജോൺ ബ്രിട്ടാസിനെയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
പി. ജയരാജന്റെ തിരിച്ചുവരവ്
പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ നേരത്തെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. മുതിർന്ന നേതാവ് അശോക് ദാവ്ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ജയരാജന്റെ പേര് നിർദേശിച്ചതെന്നാണ് വിവരം. നിർദേശത്തെ പിണറായി വിജയൻ പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്. പാർട്ടിയുടെ സംഘടനാപരമായ തിരുത്തൽ നടപടികളുടെ ഭാഗമായാണ് ജയരാജന്റെ തിരിച്ചുവരവിനെ വിലയിരുത്തുന്നത്.
സംസ്ഥാന കമ്മിറ്റിയിലും മാറ്റങ്ങൾ
സംസ്ഥാന കമ്മിറ്റിയിൽ ഒൻപത് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. ഒ.എസ്. അംബിക, പ്രഭാവർമ്മ, സുബൈദ ഇസ്ഹാഖ്, എൻ. സുകന്യ, എം. വിജിൻ, ജെയ്ക് സി. തോമസ്, ആദർശ് എം. സജി, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ് എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.
കരുനാഗപ്പള്ളിയിലെ പാർട്ടി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സൂസൻ കോടിയെയും വീണ്ടും കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
എം.വി. ഗോവിന്ദനെതിരെ എം.എ. ബേബിയുടെ വിമർശനം
വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തിനിടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ജനറൽ സെക്രട്ടറി എം.എ. ബേബി വിമർശിച്ചതായും റിപ്പോർട്ടുണ്ട്. കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ബേബി ചൂണ്ടിക്കാട്ടിയത്.
സംഘടനാപരമായ കാര്യങ്ങൾ പരിശോധിക്കുന്നത് കൂട്ടുത്തരവാദിത്വമാണെങ്കിലും, അതിനൊപ്പം വ്യക്തിപരമായ ഉത്തരവാദിത്വവും നേതാക്കൾക്കുണ്ടെന്ന് എം.എ. ബേബി പറഞ്ഞു. ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ എം.വി. ഗോവിന്ദന് വീഴ്ച സംഭവിച്ചതായും അദ്ദേഹം വിമർശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
പിണറായി വിജയന്റെ പ്രവർത്തനശൈലിയിൽ മാറ്റം വേണമെന്ന നിർദേശവും എം.എ. ബേബി മുന്നോട്ടുവെച്ചതായാണ് വിവരം. പാർട്ടിയിലെ സംഘടനാ വീഴ്ചകൾ തിരുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന സൂചനകളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളിൽ നിന്ന് പുറത്തുവരുന്നത്.
