നടുറോഡിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷകരായി തെരുവുനായ്ക്കൾ

കോയമ്പത്തൂർ: ആളൊഴിഞ്ഞ ദേശീയപാതയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിൽ നിന്ന് രക്ഷയായത് രണ്ട് തെരുവുനായ്ക്കൾ. തമിഴ്നാട് കോയമ്പത്തൂരിലെ തുടിയല്ലൂർ ഭാഗത്ത് റെയിൽവേ പാലത്തിന് താഴെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. റോഡരികിൽ കിടന്നിരുന്ന യുവതിയെ കണ്ട പ്രതി അവിടെ നിൽക്കുകയായിരുന്നു. പ്രദേശത്ത് മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ യുവതിക്ക് നേരെ നീങ്ങിയത്.

യുവാവ് അടുത്തെത്തിയതോടെ ഭയന്ന യുവതി നിലവിളിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സഹായത്തിനായി ആരും എത്തിയില്ല. ഇതിനിടെ റോഡിലുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ മാത്രമാണ് യുവതിയുടെ നിലവിളി ശ്രദ്ധിച്ചത്.

യുവാവ് യുവതിയെ കടന്നുപിടിച്ച് കീഴ്പ്പെടുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് നായ്ക്കൾ അക്രമിക്ക് നേരെ കുരച്ചുചാടി എത്തിയത്. യുവതിയെ വിടാതെ ആക്രമണം തുടരാൻ ശ്രമിച്ച പ്രതിയെ നായ്ക്കൾ കടിച്ചോടിച്ചതോടെയാണ് യുവതിക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭൂപതി എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അതേസമയം, അപകടത്തിലായ യുവതിയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന തെരുവുനായ്ക്കളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മനുഷ്യസഹായം ലഭിക്കാതെ പോയ ഒരു നിമിഷത്തിൽ ഇടപെട്ട തെരുവുനായ്ക്കളുടെ പ്രവർത്തനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

Leave a Reply

Your email address will not be published. Required fields are marked *