കേരള കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്ന് വീഡി സതീശന്‍ ; വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് പി ജെ ജോസഫ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു.

ആലുവ പാലസില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

എത്ര സീറ്റാണ് നല്‍കുക എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യക്തത വരുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ല എന്നാണ് പി ജെ ജോസഫ് പറയുന്നത്. രണ്ടുദിവസത്തിനകം തീരുമാനമാകുമെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *