ഗുരുവായൂരില്‍ മുഖ്യമന്ത്രിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വെള്ളിയാഴ്ച്ച വൈകിട്ട് ദീപാരാധന സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്രദർശനം.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെയും ഭരണസമിതി അംഗം സി. മനോജിന്റെയും നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്രദർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പേരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാര വഴിപാടും നടത്തി. തുലാഭാരത്തിനായി ആകെ 69 കിലോ നേന്ത്രപ്പഴമാണ് ഉപയോഗിച്ചത്. ഇതിന്റെ വഴിപാടുതുകയായി 3,550 രൂപ ക്ഷേത്രത്തില്‍ അടച്ചു.

ദർശനം പൂർത്തിയാക്കി മടങ്ങിയ മുഖ്യമന്ത്രിക്ക് ഗുരുവായൂരപ്പന്റെ പ്രസാദമായി തിരുമുടിമാല, കളഭം, പഴം, പഞ്ചസാര എന്നിവ ദേവസ്വം അധികൃതർ കൈമാറി. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ദർശനത്തിനും വഴിപാടുകള്‍ക്കും ശേഷം മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *