ആവശ്യമായ പരിഹാര നടപടികള്‍ നിർദേശിക്കാനുമായി ജിയോ ടെക്നിക്കല്‍ വിദഗ്ധരെ നിയമിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അറിയിച്ചു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങളും അതിനെത്തുടർന്ന് ജനങ്ങള്‍ക്കിടയില്‍ ഉയർന്ന ആശങ്കകളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ദേശീയപാത 66-ന്റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി എട്ട് ജിയോ ടെക്നിക്കല്‍ ഏജൻസികളെ ഇതിനകം നിയമിച്ചതായി എൻ.എച്ച്.എ.ഐ. അധികൃതർ മന്ത്രിയെ അറിയിച്ചു. പ്രൊഫ. ജി വി റാവു (ഐ ഐ ടി ഡല്‍ഹി), ടി കെ സുഭാഷ് (ഐ ഐ ടി പാലക്കാട്) എന്നീ സാങ്കേതിക വിദഗ്ധർ ഈ ഏജൻസികള്‍ നടത്തുന്ന പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66-ന്റെ ആകെ 642 കിലോമീറ്റർ ദൂരത്തില്‍ 519 കിലോമീറ്റർ (81 ശതമാനം) നിർമാണം പൂർത്തിയായതായി യോഗം വിലയിരുത്തി. ശേഷിക്കുന്ന ജോലികള്‍ ഒരു വർഷത്തിനുള്ളില്‍ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നല്കി. കേരളത്തിന് കൂടുതല്‍ ദേശീയപാത പദ്ധതികള്‍ അനുവദിക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഭൂമിയേറ്റെടുക്കല്‍ കേസുകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിനായി ഓരോ ജില്ലകളിലെയും ജില്ലാ കളക്ടർമാർ പ്രത്യേക മുഴുവൻസമയ ടീമുകളെ നിയോഗിക്കും.
യോഗത്തില്‍ ദേശീയ പാത റീജിയണല്‍ ഓഫീസർ കേണല്‍ എ കെ ജാൻപാസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുള്ള, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി ആർ വിനോദ്, ജില്ലാ കളക്ടർമാർ, ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർമാർ, ചീഫ് എൻജിനീയർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
