രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ആകെ ചെലവായ തുക അഞ്ച് ലക്ഷം രൂപ.
പുതിയ മന്ത്രിമാരായ കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും രാജ്ഭവനിലെത്തിയിരുന്നു.
ചടങ്ങിന് ചെലവായ തുക രാജ്‌ഭവൻ മുൻകൂറായി വാങ്ങി. സത്യപ്രതിജ്ഞയ്ക്ക് മുൻപുതന്നെ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സത്യപ്രതിജ്ഞയുടെ തലേദിവസം തന്നെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
ഗണേഷ് കുമാര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആറ് മിനിട്ട് നീണ്ട ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മിണ്ടിയില്ല. ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു. പുതിയ മന്ത്രിമാരും എ കെ ശശീന്ദ്രനും മാത്രമാണ് ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത്.
കടന്നപ്പള്ളിയ്ക്ക് രജിസ്ട്രേഷൻ, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകളും നല്‍കി. അതേസമയം, ട്രാൻസ്പോര്‍ട്ടിനൊപ്പം സിനിമയും വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം തള്ളി.
ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും നേരത്തെ രാജിവച്ചിരുന്നു. ഇവര്‍ക്ക് പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെ ബി ഗണേഷ് കുമാറിനെയും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.