തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക.
ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് അറിയിച്ചു.
സര്‍ട്ടിഫിക്കറ്റുകളും ഇത്തരത്തില്‍ വാട്സ്ആപ്പ് വഴിയും ഇ-മെയില്‍ വഴിയും അയക്കും. കെ സ്മാര്‍ട്ടിലൂടെ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കും. ഇതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ ലഭ്യമാകും. സ്വന്തം ഭൂമിയില്‍ ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാം എന്ന വിവരവും അറിയാം.
കെട്ടിടനിര്‍മാണത്തിനായി സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടപ്രകാരമാണ് തയ്യാറാക്കിയത് എന്ന് സോഫ്റ്റ്വെയര് തന്നെ പരിശോധിച്ച് ഉറപ്പാക്കും. തീരപരിപാലന നിയമ പരിധി, റെയില്‍വേ, വിമാനത്താവളമേഖല, പരിസ്ഥിതിലോലപ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും സംവിധാനമുണ്ട്. പൊതുജനങ്ങളെയും ജീവനക്കാരെയും സഹായിക്കാന്‍ പ്രത്യേക ഹെല്പ് ഡെസ്ക് സംവിധാനവും ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഓരോ തദ്ദേശസ്ഥാപനങ്ങളിലും 10 ജീവനക്കാരെ വീതം സഹായത്തിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് കെ സ്മാര്‍ട്ട്. എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭിക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി ഒന്നിന് പകല്‍ 10.30ന് കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ കെ- സ്മാര്‍ട്ട് സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കെ- സ്മാര്‍ട്ട് മൊബൈല്‍ ആപ് മന്ത്രി പി രാജീവ് പുറത്തിറക്കും.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ സ്മാര്‍ട്ട് (കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍) വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് വിപുലമായ ഓണ്‍ലൈന്‍ സേവനം തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ ശ്രദ്ധേയ ചുവടുവയ്പ് നേരിട്ടറിഞ്ഞ് മറ്റ് സംസ്ഥാനങ്ങള്‍ കെ- സ്മാര്‍ട്ട് മാതൃകയില്‍ സോഫ്റ്റ്വെയര് വികസിപ്പിക്കാന്‍ ഐകെഎമ്മിനെ സമീപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ജനന, -മരണ, വിവാഹ രജിസ്ട്രേഷന്, വ്യാപാര- വ്യവസായ ലൈസന്‍സ്, വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ്, ഫിനാന്‍സ് മോഡ്യൂള്‍, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും ലഭ്യമാകുക. വിദേശത്തുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ ലഭ്യമാകും. വിവാഹരജിസ്ട്രേഷനും വധുവരന്മാര് നേരിട്ട് പോകേണ്ടതില്ല. കെ- സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലുടെയും എല്ലാ സേവനങ്ങളും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.