ആം ആദ്മി വിട്ട എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം നല്‍കി രാജ്യസഭാ ചെയര്‍മാന്‍

ആം ആദ്മി പാര്‍ട്ടിയില്‍(എഎപി)നിന്നും രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരുടെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച്‌ രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍.

ഇതോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ബിജെപി എംപിമാരുടെ എണ്ണം 106ല്‍ നിന്നും 113 ആയി വര്‍ധിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള രാഘവ് ഛദ്ദ, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, രജീന്ദര്‍ ഗുപ്ത ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മാലിവാള്‍ എന്നിവര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഈ ഏഴ് എംപിമാരേയും ബിജെപി അംഗങ്ങളുടെ പട്ടികയില്‍ രാജ്യസഭാ വെബ്സൈറ്റില്‍ മാറ്റിസ്ഥാപിച്ചു. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയര്‍മാന് നിവേദനം നല്‍കിയിരുന്നു.

ആം ആദ്മി പാര്‍ട്ടി തങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. കൂറുമാറിയവരില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള എംപിമാരാണ്. എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഇവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് എഎപി ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിക്കൊണ്ടാണ് ചെയര്‍മാന്‍ ബിജെപി ലയനത്തിന് അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *