ഏതാനും ദിവസങ്ങളായി ഒരു ദിവസത്തില്‍ പല തവണയായി വൈദ്യുതി പോകുന്ന അവസ്ഥയില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സമ്മതിച്ച് കെ.എസ്.ഇ.ബി.
ഇന്ന് മുതല്‍ രണ്ടു ദിവസത്തേക്ക് 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കെ.എസ്.ഇ. ബി.
വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സബ്സ്റ്റേഷന് കീഴിലുള്ള ഉപഭോക്താക്കളെ എസ്എംഎസ് മുഖേനെ മൂന്‍കൂട്ടി അറിയിക്കുകയും ചെയ്യും. പീക്ക്ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് നടപടി. കെ.എസ്.ഇ.ബി. ഉന്നതരുടെ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ലോഡ് കൂടുന്ന ഇടവേളകള്‍ പറയാതെ തന്നെ വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നിരുന്നു.
അറിയിപ്പില്ലാതെയും മറ്റ് തയ്യാറെടുപ്പ് നടക്കാതെയും വൈദ്യൂതി വിഛേദിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഉപയോക്താക്കള്‍ക്ക് നേരത്തേ വൈദ്യുതി പ്രതിസന്ധിയുടെ നിശ്ചിത സമയം അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം കനത്ത ചൂടുകാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്കി നിയന്ത്രണം നടപ്പാക്കുന്നത്.
കൃത്യമായി തന്നെ ഏതു സമയത്തിനുള്ളില്‍ കറന്റ് പോകുമെന്ന് ഉപയോഗക്താക്കളെ അറിയിക്കാനാണ് തീരുമാനം. മഴ ലഭിക്കുന്നത് വരെ ഈ സാഹചര്യം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പ്രഖ്യാപിത പവര്‍കട്ട് വേണ്ടി വരും. 28 ാം തീയതി മുതല്‍ മഴ ലഭിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇത്. മഴ ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. ഓരോ സബ്സ്റ്റേഷന് പരിധിക്കുള്ളിലും എസ്എംഎസ് ആയി നിയന്ത്രണം അറിയിക്കും. കടുത്ത ചൂടില്‍ എസിയും ഫാനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കറന്റ് പോകുന്നത് ജനങ്ങളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്നു.
