നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി പ്രസിഡൻറുമായ സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തി.
കടത്തുംകടവുള്ള സെൻറ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാമത്തെ ബൂത്തിലാണ് കുടുംബത്തോടൊപ്പം എത്തി സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. 100% ആത്മവിശ്വാസമുണ്ടെന്നും കേരളത്തില്‍ യു.ഡി.എഫ് തരംഗമാണുള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
‘യു.ഡി.എഫ് 100 ലധികം സീറ്റുകള്‍ നേടും, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ യു.ഡി.എഫ് അനുകൂല തരംഗം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. 100% ആത്മവിശ്വാസമാണുള്ളത്. പേരാവൂരില്‍ ഞാൻ മൂന്ന് തവണ ജയിച്ചു. നാലാമതും ജയിക്കും. സർവ്വേകളില്‍ ഞാൻ തോല്‍ക്കും എന്ന് കണ്ടു. ജനങ്ങളുടെ സർവ്വേ എനിക്കറിയാം’ സണ്ണി ജോസഫ് പറഞ്ഞു.
യു.ഡി.എഫും എല്‍.ഡി.എഫും നേക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലമായ പേരാവൂരില്‍ കെ.കെ ശൈലജയാണ് എല്‍.ഡി.എഫിൻറെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ മട്ടന്നൂർ ആവശ്യപ്പെട്ടെങ്കിലും പേരാവൂരാണ് കെ.കെ. ശൈലജക്കായി പാർട്ടി നേതൃത്വം നല്‍കിയത്.
