സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.
കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തി നില്ക്കുമ്പോള് ജനങ്ങളുടെ മനസ്സില്‍ കഴിഞ്ഞ പത്തുവർഷത്തെ പിണറായി വിജയന്റെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളാണ് തുറന്ന കത്തിലൂടെ കെ സി വേണുഗോപാല്‍ ചോദിച്ചിരിക്കുന്നത്.
തുറന്ന കത്തിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട ശ്രീ.പിണറായി വിജയൻ,
കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തി നില്ക്കുമ്പോള് കഴിഞ്ഞ പത്തുവർഷത്തെ താങ്കളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍. അതില്‍ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന പത്തു ചോദ്യങ്ങള്‍ ഈ തുറന്ന കത്തിലൂടെ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു.
1. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ താങ്കള്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു ? അവിടെയാണോ ‘ഡീല്‍’ രൂപപ്പെട്ടത് ?
2. ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് താങ്കള്‍ പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നു ?
3. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി താങ്കള്‍ ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡല്‍ഹിക്കു പുറത്ത് താങ്കള്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ ? എന്തിനായിരുന്നു അത്? അത് ഡീലിന്റെ ഭാഗം ആയിരുന്നോ?
4. പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിർപ്പിനെ മറികടന്ന് ബിജെപിയുമായി ധരാണയിലെത്തി കരാറില്‍ ഏർപ്പെട്ടതു എന്തു ‘ഡീല്‍’ ? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ ഇരുട്ടില്‍ നിർത്തി പി. എം ശ്രീ പദ്ധതി നടപ്പിലാക്കാൻ വാശിപിടിച്ചതു ആരുടെ താല്പര്യം സംരക്ഷിക്കാൻ ? ആരുടെ തടി രക്ഷപ്പെടുത്താൻ ? ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയ ശേഷം സിപിഐ സംസ്ഥാന നേതൃത്വത്തെ എന്തിനാണ് കബളിപ്പിച്ചത് ?
5. കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർകോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവ രഹസ്യമായി ലേബർ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണ് ? തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ താങ്കള്‍ ലേബർ കോഡിന്റെ ചുവടുപിടിച്ച് തൊഴിലാളി യൂണിയുനകളുടെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയില്‍ നിന്ന് 10000 രൂപയാക്കിയില്ലേ ? ഇത് ആരെ തൃപ്തിപ്പെടുത്താനാണ് ?
6. താങ്കള്‍ പ്രതിസ്ഥാനത്തുള്ള എസ്എൻസി ലാവ്ലിൻ കേസില്‍ സുപ്രീംകോടതിയിലെ വിചാരണ നടപടികള്‍ രാജ്യത്തിന്റെ നിയമചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ചു 40 ലേറെ തവണ മാറ്റി വയ്ക്കുന്നതിനു കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നതു താങ്കള്‍ക്കുള്ള പാരിതോഷികമോ, ‘ഡീലി’ ന്റെ ബോണസ്സോ ? താങ്കള്‍ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ ആശയങ്ങളും നയങ്ങളും ബലി കൊടുത്തു
പ്രധാനമന്ത്രി മോദിയോടു അങ്ങേയറ്റം വിധേയത്വം കാട്ടുന്നതു കേസുകള്‍ ഒഴിവാക്കിയെടുത്തു താങ്കളുടെ കുടുംബ താല്പര്യം സംരക്ഷിക്കാനല്ലേ ? ‘മോദി’ എന്നു പേരെടുത്തു പറഞ്ഞു വിമർശിക്കാൻ താങ്കള്‍ പേടിക്കുന്നതും അതുകൊണ്ടല്ലേ ?
7. കരിമണല്‍ മാസപ്പടി കേസില്‍ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം മരവിപ്പിക്കാൻ കേന്ദ്ര സർക്കാരുമായി താങ്കള്‍ നടത്തിയ ‘ഡീലി’ ന്റെ വ്യവസ്ഥകള്‍ പുറത്തു പറയാവുന്നവയാണോ ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ബിജെപിക്കായി കോടികള്‍ കൊണ്ടുവന്ന കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കപ്പെട്ടതുമായി ഇതിനു ബന്ധമുണ്ടോ ? താങ്കളുടെ മകനെതിരെ വന്ന ഇ.ഡി നോട്ടീസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ?
8. ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പിന്നീട് അതിലൂടെ തൃശൂർ പൂരം അട്ടിമറിച്ചു തൃശൂർ ലോക്സഭാ സീറ്റില്‍ ബിജെപിയ്ക്കു വിജയിക്കാൻ സാഹചര്യം ഒരുക്കിയെന്നും ഗുരുതര ആരോപണം നേരിട്ട എഡിജിപി എം.ആർ അജിത്കുമാറിനെ ഇപ്പോഴും ചേർത്തുപിടിക്കുന്നത് ആരുടെ നിർദേശ പ്രകാരം ? ആരുടെ താല്പര്യം സംരക്ഷിക്കാൻ ?
9. തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ താങ്കളും ബിജെപി നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണ എന്ത് ? അതിന്റെ വിശദാംശങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താൻ ആർജ്ജവമുണ്ടോ ? 10. താങ്കളുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി പ്രതിയായ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളില്‍ കേന്ദ്ര അന്വേഷണം പാതിവഴിയില്‍ നിലച്ചു പോയത് ആര് ഇടപെട്ടിട്ടാണ് ? എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികള്‍ക്കെതിരെ താങ്കളുടെ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ? ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയ ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ അല്ലേ കമ്മീഷനെ നിയമിച്ചത് ?
താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു.
വിശ്വസ്തതയോടെ
കെ സി വേണുഗോപാല്‍
ശ്രീ. പിണറായി വിജയൻ
മുഖ്യമന്ത്രി, കേരളം
