മുഖ്യമന്ത്രി അഹങ്കാരത്തിൻ്റെ കൊടുമുടിയില്‍ : കെ സി വേണുഗോപാല്‍ എം പി

അമേരിക്കക്ക് കീഴടങ്ങിയ നരേന്ദ്ര മോദി, മോദിക്ക് കീഴടങ്ങിയ പിണറായി വിജയൻ, ഇതിനിടയില്‍ ദുരിതമനുഭവിക്കുന്ന ജനം ഇതാണ് കേരളത്തിൻ്റെ അവസ്ഥയെന്ന് എ.ഐ.സി.സി.

ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കരിം ചേലേരുയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മഹിളാ കോണ്‍ഗ്രസ്സും വനിതാ ലീഗും സംയുക്തമായി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി ചേർന്നുള്ള കച്ചവടം കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതാണോ എന്ന് നേതൃത്വം വ്യക്തമാക്കണം. പാർട്ടിയോട് സലാം പറയുന്നവരുടെ നാടായി കണ്ണൂരടക്കം മാറി. കേരളത്തിലുള്ളത് കോംപ്രമൈസ് മുഖ്യമന്ത്രി.മെയ് 4 ന് വോട്ടെണ്ണുന്നതോടെ സിപിഎമ്മില്‍ ഉരുള്‍പൊട്ടലുണ്ടാകും. സ്ത്രീ സുരക്ഷക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഭരണകൂടമാണ് കേരളത്തില്‍, സ്ത്രീകള്‍ക്ക് മുൻഗണന നല്‍കി ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് യുഡിഎഫ് പ്രകടനപത്രിക. മുഖ്യമന്ത്രി അഹങ്കാരത്തിൻ്റെ കൊടുമുടിയിലാണെന്നും പരസ്യബോർഡുകളിലാണ് പിണറായിയുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തുവർഷമായി ഭരണകൂടം അടിച്ചേല്‍പ്പിച്ച ദുരിതങ്ങളെ മൂടിവെയ്ക്കാനുള്ള നുണപ്രചരണങ്ങളുടെ പിണറായി ബോർഡുകളില്‍ വോട്ടർമാർ വഞ്ചിതരാകരുതെന്നും ഓർമ്മകളാവണം നമ്മുടെ ഏറ്റവും വലിയ ആയുധമെന്നും മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. മറവിക്കെതിരെ ഓർമ്മകള്‍കൊണ്ട് പ്രതികരിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജനങ്ങളുടെ ഓർമ്മക്കുറവിനെ മുതലെടുത്തുകൊണ്ടാണ് നരേന്ദ്രമോദിയടക്കം ചരിത്രത്തില്‍ എല്ലാ ഏകാധിപതികളും വളർന്നുവന്നിട്ടുള്ളതെന്നും അവർ സൂചിപ്പിച്ചു. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റംസീന റൌഫ് അദ്ധ്യക്ഷത വഹിച്ചു.

വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതിഭാരം, നടപ്പിലാക്കാനാവാതെ പോയ പൊള്ളവാഗ്ധാനങ്ങള്‍ എന്നിങ്ങനെ ജനജീവിതം ദുസ്സഹമായ അരീക്കോട്ടെ വോട്ടർമാർ ഏപ്രില്‍ ഒമ്പതിന് ഏണിചിഹ്നത്തില്‍ ബട്ടണമർത്താൻ ആവേശപൂർവ്വം തയ്യാറെടുത്തുവരുന്ന കാഴ്ചയാണ് മണ്ഡലത്തിലുള്ളതെന്ന് അഡ്വ. കരിം ചേലേരി പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തില്‍, പി.സാജിത ടീച്ചർ, ഉഷാ കുമാരി, സി. സീനത്ത്, മോഹിനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *