ദേശീയപാത 66 നിർമാണ പ്രവൃത്തിയുടെ ഭാഗമായി സോയില്‍ നെയ്‌ലിംഗ് നടന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണത്തെത്തുടർന്ന് അപകടഭീഷണിയിലായ കൊയിലാണ്ടി കുന്ന്യോറ മലയിലെയും മറ്റു സ്ഥലങ്ങളിലെയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പ്രദേശത്ത് താമസിക്കുന്നത് 22 കുടുംബങ്ങളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയുള്ള ഇടപെടല്‍ ദേശീയപാത അതൊറിറ്റിയില്‍ നിന്നുണ്ടാവണമെന്നും കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ചപ്പോള്‍ കുന്ന്യോറ മലയിലെ മണ്ണിടിച്ചില്‍ വിഷയവും ദേശീയപാതയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ വിഷയം പൊതുമരാമത്ത് വിഭാഗം കേന്ദ്ര ഗതാഗത മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചതുമാണ്.
ദേശീയപാത കോഴിക്കോട് ബൈപാസിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നെല്ലിക്കോട് ഭാഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വെങ്ങളം മുതല്‍ അഴിയൂർ വരെയുള്ള സ്ട്രച്ചില്‍ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതായുണ്ട്. ഇതില്‍ സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ജില്ല കളക്ടറുടെയും എഡിഎമ്മിന്റെയും നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രതിനിധികള്‍ നിർമ്മാണ പ്രവൃത്തികള്‍ പരിശോധിച്ച് ജില്ലാ വികസന സമിതിയില്‍ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതയില്‍ ആവശ്യമായ ഇടങ്ങളില്‍ സൈൻ ബോർഡുകള്‍ സ്ഥാപിക്കണം.
കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെടെ മണ്ഡലങ്ങളിലെ പ്രധാന പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നല്‍കി. പദ്ധതികള്‍ വൈകുന്ന തരത്തിലുള്ള നിരുത്തതരവാദപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
വെങ്ങളം-കൊയിലാണ്ടി സർവീസ് റോഡിന് വീതി കുറവുണ്ടെന്ന് കുഞ്ഞമ്മദ്ദ് കുട്ടി മാസ്റ്റർ എംഎല്‍എ പറഞ്ഞു. പഴയ എൻഎച്ച് പുനർനിർമാണം ആവശ്യമാണ്. തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറ മലയില്‍ നിന്നും ദേശീയപാത പ്രവൃത്തികള്‍ക്കായി മണ്ണെടുക്കുന്നത് ആശാസ്ത്രീയമായാണ്. ഇതു സംബന്ധിച്ച് വിദഗ്ദ്ധ സംഘം പഠനം നടത്തിയശേഷം മാത്രം തുടർനടപടികളിലേക്ക് കടക്കാവൂ. മാഹി കനാലില്‍ അനുയോജ്യമായ മണ്ണ് ദേശീയപാത പ്രവൃത്തിക്ക് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ദേശീയപാത പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ സർവീസ് റോഡ് യാത്ര ദുരിതം നിറഞ്ഞതാണെന്ന് കെകെ രമ എംഎല്‍എ പറഞ്ഞു. പഴങ്കാവ് ഭാഗത്തു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്കാണ് കമ്ബി അടിച്ചത്. ഇത് എടുത്തു മാറ്റാൻ മന്ത്രി നിർദേശം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. തടമ്ബാട്ട്താഴത്തു നിന്നും കണ്ണാടിക്കലേക്ക് പോകുന്ന ഭാഗത്തു ബൈപാസ്സിന്റെ സൈഡില്‍ വെള്ളം കെട്ടിനിന്ന് വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണെന്ന് തോട്ടത്തില്‍ രവീന്ദ്രൻ എംഎല്‍എ ചൂണ്ടിക്കാട്ടി.
കുന്ന്യോറ മലയില്‍ സോയില്‍ നെയിലിംഗ് നടന്ന ഭാഗത്ത് സ്ഥലമേറ്റെടുപ്പിന് ദേശീയപാത അതോറിറ്റി തയ്യാറാകുന്ന മുറയ്ക്ക് സ്ഥലമേറ്റെടുത്തു നല്‍കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ജില്ല കളക്ടർ സ്‌നേഹില്‍ കുമാർ സിംഗ് പറഞ്ഞു. ദേശീയപാത പ്രവൃത്തികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് കൃത്യമായി അവലോകനം നടത്തി പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കുന്നുണ്ടെന്ന് ജില്ല കളക്ടർ അറിയിച്ചു. ഇതിനായി രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉയർന്നു വരുന്ന പരാതികള്‍ കരാറുകാർ അടിയന്തര പ്രധാന്യം നല്‍കി പരിഹാരിക്കുന്നുണ്ട്. ദേശീയപാതയിലെ പണി പൂർത്തിയായ പ്രധാന ക്യാരജ്‌വേകള്‍ തുറന്നു നല്‍കാൻ ജില്ല കളക്ടർ ദേശീയപാത അധികൃതർക്ക് നിർദേശം നല്‍കി.