കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ കൊല്ലം സ്വദേശി റോഡരികില്‍ കുഴഞ്ഞുവീണു.
വ്യാഴാഴ്ചരാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപം തളർന്നു വീണത്. ദില്ലിയില്‍ നിന്നും കഴിഞ്ഞ ദിവസം ആലുവയില്‍ എത്തിയ അനീഷ്, അവിടെ വെച്ച് മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നു.
തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, തന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രി അധികൃതർ തന്നെ നിർബന്ധപൂർവ്വം അവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു എന്ന് അനീഷ് ആരോപിച്ചതായി കളമശേരി നഗരസഭയിലെ കൗണ്‍സിലർ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അനീഷിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
