ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ മൊഴി നല്‍കിയിരിക്കുന്നത്.
പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും.
ശബരിമലയില്‍ സ്പോണ്സർ ആകാൻ പോറ്റി സർക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാർ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് വർക്കുകള്‍ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.
