കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെമ്പ് പുറത്തുവന്നു, ഇങ്ങനെ കുറച്ച്‌ പ്രസംഗങ്ങള്‍ നടത്തിയാല്‍ യു.ഡി.എഫിന് പെട്ടെന്ന് അധികാരത്തില്‍ കയറാം : ചെന്നിത്തല

പി.ഡി.പി എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രശ്നം കാണാത്തവരാണ് വെല്‍ഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേരളത്തില്‍ സി.പി.എം-ബി.ജെ.പി ഡീല്‍ ഉണ്ട് എന്നത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കാണുമ്പോള്‍ മനസിലാകും. കോന്നി പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെമ്പ് പുറത്തുവന്നു. പി.ആർ ഏജൻസികള്‍ക്ക് എപ്പോഴും കൂടെ നടക്കാൻ സാധിക്കാത്തതിനാല്‍ സംഭവിച്ചതാണത്. മുഖ്യമന്ത്രി ഇങ്ങനെ കുറച്ച്‌ പ്രസംഗങ്ങള്‍ നടത്തിയാല്‍ യു.ഡി.എഫിന് പെട്ടെന്ന് അധികാരത്തില്‍ കയറാൻ സാധിക്കുമെന്നും കൊല്ലത്ത് തെരഞ്ഞെടുപ്പ് സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.

കെ. സുധാകരൻ പാർട്ടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകും. തെരഞ്ഞെടുപ്പ് കമീഷൻ രേഖയില്‍ ബി.ജെ.പി സീല്‍ വന്നത് ഞെട്ടിച്ചു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമീഷൻ ഓഫിസില്‍ എങ്ങനെ ബി.ജെ.പി സീല്‍ വന്നുവെന്നത് ദുരൂഹമാണ്. കിഫ്ബിയെ കോണ്‍ഗ്രസ് എതിർത്തിട്ടില്ല.

അവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളെയാണ് എതിർത്തത്. കിഫ്ബി എന്ത് അടിസ്ഥാനത്തിലാണ് വ്യക്തികള്‍ക്ക് പരസ്യം നല്‍കിയത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതുള്‍പ്പെടെ എല്ലാ അഴിമതിയും അന്വേഷിക്കും. യു.ഡി.എഫ് 100ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരും. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *