സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനു അപേക്ഷിക്കേണ്ട സോഫ്റ്റ്‌വെയര്‍ നിരന്തരം പ്രശ്നത്തില്‍ . വെബ്സൈറ്റ് നിരന്തരം തകരാറാകുന്നതുമൂലം ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല.
ഫീസടയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടപാടു തീരുംമുന്‍പേ സമയപരിധി കഴിയും. തുടരണമെങ്കില്‍ ആദ്യംമുതലേ തുടങ്ങണം.അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സൈറ്റ് തകരാറാകാം.
രണ്ടാഴ്ചയായി പ്രശ്‌നം തുടരുകയാണെന്ന് ഇടപാടുകാര്‍ പറയുന്നു.മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത സോഫ്റ്റ്വേറായ സാരഥിയിലെ തകരാറാണ് പ്രശ്‌നത്തിനു കാരണം. ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍, ലേണേഴ്‌സ് എടുക്കല്‍ തുടങ്ങിയവ ഇതുമൂലം സ്തംഭിച്ചിരിക്കുകയാണ്.ലൈസന്‍സ് കാലാവധിതീരാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കുന്നവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. കാലാവധി തീരുംമുന്‍പ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ വാഹനമോടിക്കാന്‍ പറ്റാത്ത സ്ഥിതിയാകും. ഡ്രൈവിങ് സ്‌കൂളുകാരെയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്.
ഇതിനിടെ ഡ്രൈവിങ്ങ് ലൈസന്‍സ്, ആര്‍.സി. ബുക്ക് തുടങ്ങിയവ പി.വി.സി. കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിനുള്ള പ്രിന്റിങ്ങിലും പലപ്പോഴായി തടസ്സമുണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ദിവസങ്ങളോളം മുടങ്ങി കിടന്നിരുന്ന പ്രിന്റിങ്ങ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നെങ്കിലും കാര്‍ഡുകള്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. നാല് ലക്ഷത്തോളം ലൈസന്‍സ് ആര്‍.സിയും അടിക്കാന്‍ വെറും 20,000 കാര്‍ഡുകളാണ് കഴിഞ്ഞ ദിവസം എത്തിയത്.