നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ, ചാനല്‍ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. നാലു ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകള്‍ പൂർണമായും യു.ഡി.എഫിനൊപ്പം നില്‍ക്കും. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും 5ല്‍ 5 സീറ്റുകളും വിജയിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോട്ടയത്തെ വിജയ സാദ്ധ്യതകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് ഒന്നോ രണ്ടോസീറ്റുകളില്‍ മാത്രമാണ് മത്സരം. മലപ്പുറത്തെ 16 സീറ്റുകളും എറണാകുളത്തെ 14 സീറ്റുകളും യു.ഡി.എഫിന് ലഭിക്കുമെന്നതാണ് ട്രെൻഡെന്നും സതീശൻ പറഞ്ഞു.
അതേസമയം സതീശൻ വിജയിക്കുമെന്ന് അവകാശപ്പെടുന്ന ഇടുക്കിയില്‍ 2021ലെ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ 4 സീറ്റുകളും എല്‍.ഡി.എഫിനാണ് ലഭിച്ചത്. ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് എന്നീ സീറ്റുകളില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ തൊടുപുഴയില്‍ പി.ജെ. ജോസഫിന് മാത്രമാണ് യു.ഡി.എഫില്‍ നിന്ന് വിജയിക്കാനായത്. പത്തനംതിട്ടയില്‍ ഒരു മണ്ഡലം പോലും കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ചില്ല. തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് തൂത്തുവാരുകയായിരുന്നു.
എന്നാല്‍ എറണാകുളത്ത് യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. ആകെ മണ്ഡലങ്ങളില്‍ 9 എണ്ണത്തില്‍ യു.ഡി.എഫും അഞ്ചെണ്ണത്തില്‍ എല്‍.ഡി.എഫും വിജയിച്ചു. മലപ്പുറത്തും 16ല്‍ 12 ഇടത്തും യു.ഡി.എഫ് വിജയം കൊയ്തു. മലപ്പുറം, വേങ്ങര, മഞ്ചേരി, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂർ, കോട്ടയ്ക്കല്‍, വണ്ടൂർ എന്നീ മണ്ഡലങ്ങള്‍ യു,ഡി.എഫിനും താനൂർ, തവനൂർസ പൊന്നാനി, നിലമ്പൂർ എന്നിവ എല്‍.ഡി.എഫിനും ലഭിച്ചു.
