സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ പാചകത്തിന് വിറകടുപ്പുകള്‍ ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ അനുമതി നല്‍കി.
നിലവില്‍ സ്‌കൂളുകളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പാചകവാതക വിതരണ ഏജൻസികളില്‍ നേരിടുന്ന ഗ്യാസ് ദൗർലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ്.
പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ നൂണ്‍ ഫീഡിംഗ് സൂപ്പർവൈസർമാരുമായി നടത്തിയ ഓണ്‍ലൈൻ മീറ്റിംഗിനെത്തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങള്‍ അടിയന്തിരമായി സ്‌കൂളുകളിലെത്തിക്കാൻ നൂണ്‍ മീല്‍ ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങള്‍:
1. പാചക വാതകം ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കാം.
2. ഗ്യാസ് വിതരണം പുനരാരംഭിക്കുന്ന മുറയ്ക്ക് വിറകടുപ്പിന്റെ ഉപയോഗം നിറുത്തലാക്കണം.
