മകളെ കൊന്നു, മൃതദേഹത്തിനരികില്‍ കാമുകനൊപ്പം ലൈംഗിക ബന്ധം; യുപിയില്‍ അമ്മയുടെ കൊടുംക്രൂരത

ഉത്തർപ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്നി, കാമുകൻ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

റോഷ്നിയുടെ ഭർത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച്‌ രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. റോഷ്നിയുടെയും ഷാരൂഖിന്റെയും മകള്‍ സൈനയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച, ജൂലായ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ അച്ഛനായ ഷാരൂഖാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു റോഷ്നി ആദ്യഘട്ടത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ മൊഴികളില്‍ സംശയം തോന്നിയ പോലീസ് പിന്നീട് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് റോഷ്നിയും ഉദിതും കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ വായില്‍ തൂവാല തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.

കുഞ്ഞിനെ കൊന്ന്, കുറ്റം ഷാരൂഖിന്റെ തലയില്‍ കെട്ടിവെച്ചാല്‍, ഭർത്താവിന്റെയും കുഞ്ഞിന്റെയും ശല്യം ഒരുമിച്ച്‌ തീരുമെന്നും തങ്ങള്‍ക്ക് പിന്നീട് സുഖമായി കഴിയാം എന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍. കൊലപാതകത്തിന് ശേഷം മയക്കുമരുന്ന് ഉപയോഗിച്ച യുവതിയും കാമുകനും കുട്ടിയുടെ മൃതദേഹത്തിനരികില്‍ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടതായും രാത്രിമുഴുവൻ അവിടെതന്നെ ചെലവഴിച്ചതായും പോലീസ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം നടന്ന ദിവസം ഷാരൂഖ് വീട്ടില്‍ ഇല്ലായിരുന്നു. ഇത് മനസിലാക്കിയ ഉദിത് ഭക്ഷണവും മദ്യവും സിഗരറ്റുമായി അവിടെയെത്തി. റോഷ്നിയുമായി സമയംചെലവഴിക്കുന്നതിനിടെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ സൈന ഇരുവരെയും കണ്ടു. ഇത് മനസിലാക്കിയ ഉടൻ റോഷ്നിയും ഉദിതും ചേർന്ന് കുഞ്ഞിനെ പിടികൂടി വായില്‍ തൂവാല തിരുകുകയായിരുന്നു.

റോഷ്നിയാണ് കുഞ്ഞിന്റെ വായില്‍ തുണി തിരുകിയത്, അതേസമയം ഉദിത് കുഞ്ഞിന്റെ വയറ്റില്‍ ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അനക്കം നില്‍ക്കുന്നതുവരെ ഇരുവരും ഇതേനില തുടർന്നു. കുഞ്ഞ് മരിച്ചു എന്ന് ഉറപ്പായതോടെ ഇരുവരും കുളിച്ചുവന്ന് കുഞ്ഞിന്റെ മൃതദേഹത്തിനരികിലിരുന്ന് മദ്യപിച്ചു, സിഗരറ്റ് വലിച്ചു, ശേഷം ലൈംഗികബന്ധത്തിലേർപ്പെട്ടു, ഭക്ഷണം കഴിച്ച്‌ അവിടെത്തന്നെ കിടന്ന് ഉറങ്ങി എന്നാണ് പ്രതികളുടെ മൊഴി.

ചൊവ്വാഴ്ചയാണ് റോഷ്നി കുഞ്ഞ് കൊല്ലപ്പെട്ടു എന്ന് പോലീസിനെ അറിയിച്ചത്. ഭർത്താവ് ഷാരൂഖ് കെട്ടിടത്തിനുപുറത്ത് കൂടി വലിഞ്ഞുകയറി നാലാം നിലയിലെത്തി, വീടിനുള്ളില്‍ കടന്ന് കുഞ്ഞിനെ കൊലപ്പെടുത്തി എന്നായിരുന്നു റോഷ്നി പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ്, അടുത്തിടെ നടന്ന അപകടത്തിന്റെ ഭാഗമായി കാലിന് മാരകമായി പരിക്കേറ്റ ഷാരൂഖിന് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കി.

മാത്രമല്ല, സമീപത്തെ സിസിടിവികളിലൊന്നും ഞായറാഴ്ച മുതലുള്ള ദൃശ്യങ്ങളില്‍ ഷാരൂഖ് ഉണ്ടായിരുന്നില്ല. പിന്നാലെയാണ് പോലീസ് റോഷ്നിയെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതും ഇവർ കുറ്റം സമ്മതിച്ചതും.

‘എട്ടുവർഷക്കാലമായി ഷാരൂഖിന്റെ സുഹൃത്തായിരുന്നു ഉദിത്. കുടുംബവുമായി അടുത്ത ബന്ധമാണ് ഇയാള്‍ പുലർത്തിയിരുന്നത്. കുഞ്ഞിനെ കൊല്ലുകയും ഭർത്താവ് ഷാരൂഖിനെ ജയിലിലയയ്ക്കുകയും ചെയ്താല്‍ പിന്നീട് തങ്ങള്‍ക്ക് സുഖമായി ജീവിക്കാം എന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ റോഷ്നിയും ഉദിതും ഇതിനായി സമയം നോക്കി ഇരിക്കുകയായിരുന്നു,’ ലഖ്നൗ വെസ്റ്റ് ഡിസിപി വിശ്വജീത് ശ്രീവാസ്തവ വ്യക്തമാക്കി.

മകള്‍ സൈനയ്ക്ക് തന്നോടൊപ്പം കഴിയാനായിരുന്നു ഇഷ്ടമെന്നും റോഷ്നിയാണ് അതിന് അനുവദിക്കാതിരുന്നതെന്നും ഷാരൂഖ് പറയുന്നു. ‘എട്ടുവർഷമായുള്ള സൗഹൃദമാണ് ഉദിതുമായി. ഉദിത് അങ്കിള്‍ എന്നാണ് സൈന അയാളെ വിളിച്ചിരുന്നത്, എന്നിട്ടും അയാള്‍ ആ കുഞ്ഞിനെ കൊന്നുകളഞ്ഞു,’ ഷാരൂഖ് പറയുന്നു. റോഷ്നിക്കും ഉദിതിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *